വിദ്യാർത്ഥികളെ വലച്ച് വൻ യാത്രാനിരക്ക്

Tuesday 01 July 2025 1:41 AM IST

ആറ്റിങ്ങൽ: അദ്ധ്യയനവർഷം ആരംഭിച്ചതോടെ വിദ്യാർത്ഥികൾ സ്വകാര്യ ബസുകളിൽ നൽകുന്നത് വൻ യാത്രാനിരക്ക്.വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഒരു രൂപയാണെങ്കിലും ഈടാക്കുന്നത് 5 രൂപയാണ്.

നിരക്കുവർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ 22 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുമുണ്ട്. വിദ്യാർത്ഥികളുടെ കുറഞ്ഞ യാത്രാനിരക്ക് ഒരു രൂപയിൽനിന്ന് അഞ്ച് രൂപയാക്കണമെന്നതാണ് പണിമുടക്കിലെ പ്രധാന ആവശ്യം.എന്നാൽ മിക്ക സ്വകാര്യ ബസുകളും ഇപ്പോഴേ 5 രൂപയാണ് വാങ്ങുന്നത്.

രാവിലെ ട്യൂഷന് പോകുന്ന വിദ്യാർത്ഥികൾക്കും കൺസെഷൻ നിഷേധിക്കുകയാണ്. സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ഒരു രൂപ വിദ്യാർത്ഥി നൽകിയാൽ ബസിൽ അധിക്ഷേപവും ഉറപ്പാണ്.വിദ്യാർത്ഥികളുടെ കൺസെഷൻ നിഷേധിക്കുന്ന നിരവധി പരാതികൾ ഈ അദ്ധ്യയനവർഷം തന്നെ ആറ്റിങ്ങൽ, വർക്കല ആർ. ടി.ഓഫിസുകളിൽ എത്തിയതായി രക്ഷിതാക്കൾ പറഞ്ഞു.

തോന്നിയപടി

ചിറയിൻകീഴ്,വർക്കല താലൂക്കുകളിലെ വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസുകളിൽ ഇടാക്കുന്ന കുറഞ്ഞ നിരക്ക് നിലവിൽ അഞ്ചുരൂപയാണ്. വർഷങ്ങളായി ഈ നിരക്ക് നൽകിയാണ് വിദ്യാർത്ഥികൾ യാത്രചെയ്യുന്നത്.ഇക്കാര്യം അറിഞ്ഞിട്ടും അറിയാത്ത മട്ടിലാണ് മോട്ടോർ വാഹന വകുപ്പ്.

ഉത്തരവ് ലംഘിച്ച്

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച് മോട്ടോർവാഹന വകുപ്പ് വ്യക്തമായ ഉത്തരവിറക്കിയിട്ടുണ്ട്.ഇതിൽ മിനിമം ചാർജ് ഒരു രൂപയാണ്.എന്നാൽ ചിറയിൻകീഴ്,വർക്കല താലൂക്കുകളിൽ ഇത് അഞ്ചുരൂപയാണ്. അല്പം ദൂരക്കൂടുതലുണ്ടെങ്കിൽ പത്തുരൂപ നൽകണം. സമരം നടക്കുന്ന ദിവസങ്ങളിൽ ചില സ്കൂളുകൾ വൈകിയാകും വിടുക. അങ്ങനെയുള്ള ദിവസങ്ങളിൽ യൂണിഫോമും തിരിച്ചറിയൽ രേഖയുമുണ്ടായാലും പത്തുരൂപ നൽകണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം.

വിദ്യാർത്ഥികളുടെ

നിലവിലെ യാത്രാനിരക്ക്

ദൂരം 2.5 കിലോമീറ്റർ - 1 രൂപ

7.5 കിലോമീറ്റർ - 2 രൂപ

17.5 കിലോമീറ്റർ -3

27.5 കിലോമീറ്റർ - 4 രൂപ

37.കിലോമീറ്റർ - 5 രൂപ

40 കിലോമീറ്റർ - 6 രൂപ