കുടുംബശ്രീക്ക് ഇ സൈക്കിളുകൾ നൽകും
കണ്ണൂർ: കുടുംബശ്രീ അംഗങ്ങൾക്ക് ഇ സൈക്കിൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിക്കുമെന്ന് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.കെ.സുരേഷ്ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും.. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യാതിഥിയാകും.മിനിസ്ട്രി ഓഫ് റൂറൽ ഡെവലപ്മെന്റിന്റെ നെറ്റ് സീറോ എമിഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരുമായി സംയോജിച്ച് 2050 ഓടെ കാർബൺ ന്യൂട്രൽ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന പദ്ധതിയിൽ ജില്ലയിലെ 71 ഗ്രാമീണ സി ഡി.എസുകളിലെ 350 വനിതകൾക്കാണ് ഇ സൈക്കിളുകൾ നൽകുന്നത്. കണ്ണൂരിന് പുറമെ പാലക്കാട് ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾക്കും ഇ.സൈക്കിളുകൾ നൽകും. കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ജിബിൻ സ്കറിയ, കെ.എൻ.നൈൽ, കെ.നിധിഷ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.