ഡോൾഫിനുകൾ തീരത്തടിഞ്ഞ സംഭവം; രാസപരിശോധനാഫലം വൈകുന്നു

Tuesday 01 July 2025 1:27 AM IST

ആലപ്പുഴ: ആലപ്പുഴ തീരത്ത് ചത്തടിഞ്ഞ ഡോൾഫിനുകളുടെ രാസ പരിശോധനാ ഫലം വൈകുന്നു. അസ്വഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാസപരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്.

എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും അത് ലഭ്യമായിട്ടില്ല.ആറ് ഡോൾഫിനുകളും രണ്ട് തിമിംഗലങ്ങളുമാണ് (ഹമ്പ് ഷാർക്ക്) രണ്ടാഴ്ചയ്‌ക്കിടെ തീരത്തടിഞ്ഞത്.

മൺസൂൺ കാലത്ത് ഡോൾഫിനുകൾ സാധാരണ ചത്ത് അടിയാറുണ്ടെങ്കിലും, ഇത്തവണ എണ്ണം കൂടിയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കപ്പൽ അപകടവുമായി ഡോൾഫിനുകൾ ചത്തടിയുന്നതിന് ബന്ധമില്ലെന്ന് സ്ഥിരീകരിക്കാനും അതുവഴി തീരത്തെ ആശങ്ക പരിഹരിക്കാനും രാസപരിശോധനാ ഫലം ഉപകരിക്കും. കടൽ പ്രക്ഷുബ്ദമായതും മറ്റുകപ്പലുകളിൽ ഇടിച്ചതുമാവാം ഇവയുടെ മരണത്തിന് കാരണമെന്നാണ് നിഗമനം.

ഔദ്യോഗിക സ്ഥിരീകരണം വേണം

മുങ്ങിയ കപ്പലിൽ നിന്നുള്ള രാസപദാർത്ഥങ്ങൾ കടലിൽ പടർന്നെങ്കിലും ഇത്തവണ മൺസൂൺ മഴ കൂടുതലായി ലഭിച്ചത് അനുഗ്രഹമായിട്ടാണ് സമുദ്ര, മത്സ്യ പഠന രംഗത്തെ വിദഗ്ദ്ധർ കരുതുന്നത്. എന്നാൽ, കപ്പലപകടം ഏതെങ്കിലും തരത്തിൽ സമുദ്ര ജീവികളെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ എന്ന പഠനം അനിവാര്യമാണെന്നും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ശരിയായ പഠനത്തിലൂടെ ഔദ്യോഗിക സ്ഥിരീകരണമാണ് ആവശ്യം. അടുത്തിടെ തുമ്പയിൽ കടൽത്തീരം വൃത്തിയാക്കുന്നതിനിടെ കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്ന് 225 കിലോ പെല്ലറ്റ് ലഭ്യമായ കാര്യം ഓഷ്യൻ സൊസൈറ്റ് ഒഫ് ഇന്ത്യ അധികൃതർ ഓർമ്മിപ്പിക്കുന്നു.

മൺസൂൺ കാലത്ത് ഡോൾഫിനുകൾ തീരത്തടിയാറുണ്ട്. എന്നാൽ ഇത്ര എണ്ണം അപൂർവ്വമാണ്. അസ്വഭാവികതയില്ലെന്ന് തെളിയുന്നത് നന്നായിരിക്കും

-പ്രൊഫ കെ.വി.ജയചന്ദ്രൻ,

ദേശീയ കോർഡിനേറ്റർ,

ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യ