വനിതാ പരിശീലക ലൈംഗികമായി പീഡിപ്പിച്ചു, പരാതിയുമായി കുട്ടിയുടെ മാതാപിതാക്കള്‍

Monday 30 June 2025 10:48 PM IST

റോഹ്ത്തക്: വനിതാ ബോക്‌സിംഗ് പരിശീലകയ്ക്ക് എതിരെ ലൈംഗിക പീഡന പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡന പരാതിയുമായി രംഗത്തുള്ളത്. 17കാരിയെ മാനസികമായും ശാരീരികമായും പരിശീലകന്‍ പീഡിപ്പിച്ചുവെന്നാണ് മാതാപിതാക്കളുടെ പരാതി. കുട്ടിയുടെ മാതാപിതാക്കള്‍ മുമ്പ് ദേശീയതലത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയും സ്വര്‍ണ മെഡല്‍ ഉള്‍പ്പെടെ വിജയിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഹരിയാനയിലെ റോഹ്ത്തക്കിലെ നാഷണല്‍ ബോക്‌സിംഗ് അക്കാദമിയിലാണ് സംഭവം.

17കാരിയുടെ പരാതി ലഭിച്ചതായി ബോക്സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സ്പോര്‍ട്സ് അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊരു ലൈംഗിക പീഡന പരാതിയല്ലെന്നാണ് അതോറിറ്റിയുടെ വാദം. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന തരത്തിലുള്ള കാര്യങ്ങള്‍ നടന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ആരോപണ വിധേയായ ദേശീയ ക്യാമ്പില്‍ ജൂനിയര്‍, യൂത്ത് ടീമുകളുടെ പരിശീലകയായി തുടരുന്നുണ്ട്.

പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശീലക നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ചുവെന്നും പല തവണ മര്‍ദ്ദിച്ചുവെന്നും കരിയര്‍ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മോശം താരമാണെന്ന് സഹ താരങ്ങളോട് പരിശീലക പെണ്‍കുട്ടിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതായും പരാതിയിലുണ്ട്. പരിശീലകക്കെതിരെ ലൈംഗികമായി ഉപദ്രവിച്ചതിനടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രതികരിച്ചു.