സുപ്രീംകോടതിയെന്നാൽ ചീഫ് ജസ്റ്റിസിന്റെ കോടതിയല്ല: ബി.ആർ. ഗവായ്
ന്യൂഡൽഹി: സുപ്രീംകോടതിയെന്നാൽ ചീഫ് ജസ്റ്റിസിന്റെ കോടതിയാണെന്ന പൊതുധാരണ മാറ്റിയെടുക്കാൻ ശ്രമിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്. മുൻ ചീഫ് ജസ്റ്റിസുമാരായ യു.യു.ലളിത്,സഞ്ജീവ് ഖന്ന തുടങ്ങിയവർ ഇതിനായി ശ്രമിച്ചിരുന്നു. എല്ലാ ജഡ്‌ജിമാരുടെയും കൂടിയാണ് സുപ്രീംകോടതി. ഭരണകാര്യങ്ങളിലെ സുപ്രധാന തീരുമാനങ്ങളെടുക്കുന്നത് ഫുൾകോർട്ട് ചേർന്നാണെന്നും നാഗ്പൂരിൽ ഹൈക്കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
ഭരണഘടനയ്‌ക്ക് അനുസൃതമല്ലെങ്കിൽ റദ്ദാക്കും
നിയമനിർമ്മാണത്തിൽ ജഡ്‌ജിമാർ ഇടപെടരുതെന്ന് ചിലർ പറയുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. പാർലമെന്റ് പാസാക്കുന്ന നിയമം ഭരണഘടനയ്‌ക്ക് അനുസൃതമല്ലെങ്കിൽ അത് പരിശോധിക്കാനും റദ്ദാക്കാനും സുപ്രീംകോടതിക്ക് അധികാരമുണ്ട്. കഴിഞ്ഞ മേയിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് അഭയ് എസ്. ഓകയ്‌ക്ക് മഹാരാഷ്ട്ര - ഗോവ ബാർ കൗൺസിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉജ്ജൽ ഭുയാൻ. ഭാവി പദവികളെ കുറിച്ച് ജഡ്‌ജി ചിന്തിക്കരുതെന്ന് അഭയ് എസ്. ഓക പറഞ്ഞു.