റോഡുകളുടെ ശോചനീയാവസ്ഥ... ചോരച്ചുവപ്പിൽ മുങ്ങി പ്രതിഷേധം ചെഞ്ചായ നാടകമെന്ന് ഭരണപക്ഷം

Monday 30 June 2025 11:39 PM IST

  • കൗൺസിൽ യോഗത്തിൽ പോർവിളി

തൃശൂർ: റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരെ ചോരച്ചുവപ്പിൽ മുങ്ങി കോൺഗ്രസ് കൗൺസിലിന് പുറത്തും അകത്തും പ്രതിഷേധത്തിന്റെ അലകൾ തീർത്തപ്പോൾ ചെഞ്ചായ നാടകമെന്ന പരിഹാസവുമായി ഭരണപക്ഷം. മേയർ കൗൺസിൽ പിരിച്ചു വിട്ടാൽ കസേരയിൽ റീത്ത് വയ്ക്കുമെന്ന പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പും തുടർന്ന് ഭരണപക്ഷം നടുത്തളത്തിലിറങ്ങുകയും ചെയ്തതോടെ കൗൺസിൽ യോഗം യുദ്ധസമാനമായ രംഗങ്ങൾക്ക് സാക്ഷിയായി. റോഡിലെ കുഴികളിൽ വീണ് മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നതിന് കാരണക്കാരനായ മേയർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കൗൺസിലിന് പുറത്ത് പ്രതീകാത്മക ചോര ശരീരത്തിലൊഴിച്ചായിരുന്നു കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധത്തിന്റെ തുടക്കം.

തുടക്കം മുതൽ പ്രക്ഷുബ്ധം

കൗൺസിൽ തുടക്കം മുതൽ തന്നെ പ്രക്ഷുബ്ധമായിരുന്നു. അജൻഡയ്ക്ക് മുമ്പ് റോഡിലെ കുഴികളെ കുറിച്ച് ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഇതോടെ കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധം ഉയർത്തി. ചർച്ചയ്ക്ക് അവസരം നൽകാമെന്ന് മേയർ പറഞ്ഞതോടെ പ്രതിപക്ഷം സീറ്റിലിരുന്നു. ശക്തൻ ബസ് സ്റ്റാൻഡിലെ റൗണ്ട് അബൗട്ടിന്റെ വൈദ്യുതി ചാർജ് അടയ്ക്കുന്നുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ആദ്യ അജൻഡ. ഇതിൽ രാജൻ പല്ലന്റെ കാലത്തുണ്ടാക്കിയ കരാർ കോർപറേഷന് നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് ഭരണപക്ഷം രംഗത്തുവന്നു. രാജൻ പല്ലൻ കൗൺസിലർ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം കളത്തിലിറങ്ങിയതോടെ രംഗം കൊഴുത്തു. ഇതിനിടെ 2014ലെ കൗൺസിൽ ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്ന് പറഞ്ഞ് രാജൻ പല്ലൻ തിരിച്ചടിച്ചതോടെ ഭരണപക്ഷം വെട്ടിലായി.

റീത്തിൽ കയറി ഭരണപക്ഷം

കൗൺസിൽ പിരിച്ചുവിട്ടാൽ മേയറിരുന്ന കസേരയിൽ റീത്തുവയ്ക്കുമെന്ന കോൺഗ്രസ് കൗൺസിലർമാരുടെ മുന്നറിപ്പ് ഏറ്റുപിടിച്ച് ഇരിപ്പിടത്തിൽ നിന്നിറങ്ങി നടുത്തളത്തിലെത്തിയതോടെ ഭരണ - പ്രതിപക്ഷ പോർമുഖം തുറന്നു. ഭരണപക്ഷത്ത് നിന്ന് അഡ്വ. അനീസ്, രാഹുൽനാഥ്, രാജശ്രീ ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ നിരയിലേക്ക് പാഞ്ഞടുത്തതോടെ രംഗം വഷളായി. രാജൻ പല്ലൻ, ജോൺ ഡാനിയൽ, ലാലി ജയിംസ്, ഇ.വി.സുനിൽ രാജ് തുടങ്ങിയവർ എതിരിട്ടതോടെ യുദ്ധസമാന രംഗമായി. ഇതിനിടെ ജയപ്രകാശ് പുവത്തിങ്കിൽ മേശപ്പുറത്ത് കയറി നിന്നു. ഇതോടെ മേയർ കൗൺസിലറെ സസ്‌പെന്റ് ചെയ്തതായി അറിയിച്ചു. ഇതോടെ എല്ലാ കോൺഗ്രസ് കൗൺസിലർമാരും മേശയ്ക്ക് മുകളിൽ കയറി. അവരെയും സസ്‌പെന്റ് ചെയ്‌തെന്ന് മേയർ. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പോർവിളിയും മുദ്രവാക്യം വിളികളുമായി.

ബി.ജെ.പി വിനോദ് പൊള്ളാഞ്ചേരിയുടെ നേതൃത്വത്തിൽ കറുത്ത തുണികെട്ടി നടുത്തളത്തിലിരുന്നു. 12.25 ഓടെ സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യാമെന്ന് അറിയിച്ച് മേയർ ചേംബറിലേക്കു പോയെങ്കിലും കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിൽ പ്രതിഷേധം തുടർന്നു. 12.45ഓടെ മേയർ തിരികെ അദ്ധ്യക്ഷ സ്ഥാനത്തെത്തി, ചർച്ചചെയ്തു മുന്നോട്ടു പോകുമെന്ന് അംഗങ്ങളെ അറിയിച്ചു. മാറ്റിവയ്‌ക്കേണ്ട ഗൗരവമായ വിഷയങ്ങൾ ഒഴികെ മറ്റ് അജൻഡകൾ പാസാക്കിയതായും അറിയിച്ച് കൗൺസിൽ പിരിച്ചുവിട്ടു.

കൗൺസിലർമാർക്ക് സസ്പെൻഷൻ

​അ​ച്ച​ട​ക്ക​മി​ല്ലാ​തെ​ കൗ​ൺ​സി​ൽ​ അ​ല​ങ്കോ​ല​മാ​ക്കാ​ൻ​ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രാ​യ​ രാ​ജ​ൻ​ ജെ​.പ​ല്ല​ൻ​,​ ജോ​ൺ​ ഡാ​നി​യ​ൽ​,​ ലാ​ലി​ ജെ​യിം​സ്,​ മു​കേ​ഷ് കൂ​ള​പ​റ​മ്പി​ൽ​,​ ജ​യ​പ്ര​കാ​ശ് പൂ​വ​ത്തി​ങ്ക​ൽ​,​ സു​നി​താ​ വി​നു​,​ രാ​മ​നാ​ഥ​ൻ​,​ ഗോ​പ​കു​മാ​ർ​,​ സു​നി​ൽ​ രാ​ജ്,​ ശ്യാ​മ​ള​ മു​ര​ളീ​ധ​ര​ൻ​ എ​ന്നി​വ​രെ​ ര​ണ്ട് കൗ​ൺ​സി​ലി​ൽ​ നി​ന്നും​ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യി​ മേ​യ​ർ​ എം​.കെ​.വ​ർ​ഗീ​സ് അ​റി​യി​ച്ചു​.

മേയർക്കും സെക്രട്ടറിക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുത്തില്ലെങ്കിൽ കൗൺസിലിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധ സമരത്തിന് പ്രതിപക്ഷം നേതൃത്വം നൽകും. രാജൻ പല്ലൻ,

കോർപറേഷൻ പ്രതിപക്ഷ നേതാവ്

മേയർക്കെതിരെ കൊലവിളിയാണ് പ്രതിപക്ഷം നടത്തിയത്. ക്രിമിനൽ സ്വഭാവത്തോടെയാണ് കോൺഗ്രസ് കൗൺസിലർമാർ പെരുമാറിയത്. വർഗീസ് കണ്ടംകുളത്തി, എൽ.ഡി.എഫ് കൗൺസിലർ

മനുഷ്യജീവന് വില കൽപ്പിക്കാതെയാണ് മേയറും കൂട്ടരും ഭരിക്കുന്നത്. റോഡുകളുടെ കുഴികളടക്കാൻ കോർപറേഷൻ തയ്യാറാകണം.

വിനോദ് പൊള്ളാഞ്ചേരി, ബി.ജെ.പി കൗൺസിലർ