സർക്കാരുകൾക്ക് കത്തയച്ചു

Tuesday 01 July 2025 12:47 AM IST

വെള്ളാങ്ങല്ലൂർ: പെട്രോൾ പമ്പുകളിൽ പൊതുജനങ്ങൾക്ക് ശൗചാലയങ്ങൾ ഉപയോഗിക്കാമെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സാബു കണ്ടത്തിൽ കത്തയച്ചു. ക്ലീൻ ഇന്ത്യയുടെ ഭാഗമായി എല്ലാ പെട്രോൾ പമ്പുകളും പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിന് അനുവാദം കൊടുത്ത് ഉത്തരവ് ഇറക്കിയത് കേന്ദ്രസർക്കാരാണ്. ഈ ഉത്തരവാണ് കോടതി റദ്ദാക്കിയത്. കോടതിവിധി നടപ്പിലാക്കുകയാണെങ്കിൽ സർക്കാർ മുൻകൈയെടുത്ത് ഗ്രാമങ്ങളിലും പട്ടണങ്ങളിലും പൊതുജനസൗഹൃദ ശൗചാലയങ്ങൾ സ്ഥാപിക്കുകയും പരിപാലിക്കുകയും വേണം. 2014 ഇന്ത്യ ഗവൺമെന്റ് പ്രഖ്യാപിച്ച ക്ലീൻ ഇന്ത്യ പദ്ധതി കടലാസിൽ ഒതുക്കാതെ നടപ്പിലാക്കണം അദ്ദേഹം ആവശ്യപ്പെട്ടു.