ഷീലാ സണ്ണി കേസ്: പ്രതി നാരായണദാസിനെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവ്

Tuesday 01 July 2025 3:12 AM IST

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയ കേസിലെ ഒന്നാംപ്രതി എം.എൻ. നാരായണദാസിനെ (55) പൊലീസ് കസ്റ്റഡിയിൽ വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. കസ്റ്റഡി ആവശ്യം നിഷേധിച്ച തൃശൂർ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ വിധി. പ്രതിയെ അഞ്ച് ദിവസത്തിനകം പൊലീസ് കസ്റ്റഡിയിൽ വിടുന്ന കാര്യത്തിൽ സെഷൻസ് കോടതി തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

രണ്ടാംപ്രതിയും ഷീലയുടെ മരുമകളുടെ സഹോദരിയുമായ ലിവിയ ജോസിനെ കസ്റ്റഡിയിൽവിട്ട അത്രയുംദിവസം നാരായണദാസിനെയും പൊലീസ് കസ്റ്റഡിയിൽ വിടാനാണ് നിർദ്ദേശം. സെഷൻസ് കോടതി ഉത്തരവിനെതിരേ സർക്കാർ നൽകിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതി നടപടി. കേസിനാസ്പദമായ സംഭവം 2023ൽ നടന്നതായതിനാൽ സി.ആർ.പി.സിയാണ് ബാധകമെന്നും അതുപ്രകാരം കസ്റ്റഡിയിൽ വിടാനുള്ള സമയം കഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി അപേക്ഷ സെഷൻസ് കോടതി നിഷേധിച്ചത്. എന്നാൽ അറസ്റ്റ് പിന്നീടായതിനാൽ ബി.എൻ.എസ്.എസാണ് ബാധകമാകുന്നതെന്ന് സർക്കാർ വാദിച്ചു. സി.ആർ.പി.സി ആണെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ പൊലീസ് കസ്റ്റഡി അനുവദിക്കാൻ കഴിയുമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ വാദിച്ചു. ഇത് അംഗീകരിച്ചാണ് ഉത്തരവ്.

ഷീല സണ്ണിയുടെ ബാഗിൽ എൽ.എസ്.ഡി സ്റ്റാമ്പുകൾ വച്ചത് ലിവിയയാണ്. ഇതിനു സഹായംചെയ്തതും മയക്കുമരുന്ന് ബാഗിലുള്ള കാര്യം എക്‌സൈസിനെ അറിയിച്ചതും സുഹൃത്ത് നാരായണദാസ് ആയിരുന്നു. അറസ്റ്റിലായ ഷീല 72 ദിവസത്തോളം ജയിലിൽ കഴിഞ്ഞു. സഹോദരിക്കുണ്ടായ ബുദ്ധിമുട്ടിന്റെ പേരിൽ ഷീലയെ കുടുക്കാനാണ് വ്യാജ ലഹരിമരുന്ന് ബാഗിൽവച്ചതെന്ന് ലിവിയ കുറ്റസമ്മതം നടത്തിയിരുന്നു. ലാബ് പരിശോധനയിലാണ് ഇവ എൽ.എസ്.ഡി സ്റ്റാമ്പുകൾ അല്ലെന്ന് തിരിച്ചറിഞ്ഞത്.