ഹരിതകർമ്മ സേന ഫണ്ടിലെ ക്രമക്കേട്: വിശദാംശങ്ങൾ തേടി പൊലീസ്

Tuesday 01 July 2025 1:19 AM IST

തിരുവനന്തപുരം: പുന്നയ്ക്കാമുഗൾ വാർഡിലെ ഹരിതകർമ്മ സേനയുടെ ഫണ്ടിൽ മൂന്നുലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയ സംഭവത്തിൽ കോർപ്പറേഷന്റെ പരാതിയിൽ വിശദാംശങ്ങൾ തേടി പൊലീസ്. അതേസമയം സെക്രട്ടറിയുടെ പരാതിയിൽ പണം തട്ടിച്ച സംഭവം അന്വേഷിക്കണമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. സാധാരണയായി,​ സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളിൽ പൊലീസിൽ പരാതി നൽകുന്നതിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനമോ വകുപ്പോ പ്രാഥമിക പരിശോധന നടത്തും. ഇതിൽ തട്ടിപ്പ് നടന്നതായി ഉറപ്പാക്കിയ ശേഷമാണ് പൊലീസിൽ പരാതി നൽകുക. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വിവരങ്ങളും രേഖകളും കൂടി ഉൾപ്പെടുത്തിയാണ് പൊലീസിനെ സമീപിക്കുന്നത്. അല്ലാത്ത പക്ഷം അന്വേഷണത്തിനും എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനും പൊലീസിന് ബുദ്ധിമുട്ടുണ്ട്. എത്ര രൂപയുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്,​എത് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്,​നഷ്ടമായെന്ന് കണ്ടെത്തിയതിന്റെ രേഖകൾ,​ഏത് കാലയളവിലാണ് നഷ്ടമായത്. ഇത് കൈകാര്യം ചെയ്തവർ. തുടങ്ങി പ്രാഥമിക വിവരങ്ങൾ പോലും പരാതിയിലില്ല. ഇത്തരം വിശദാംശങ്ങൾ കൂടി കൈമാറണമന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.

ശനിയാഴ്ച നൽകിയ പരാതിയിൽ അന്നുതന്നെ പൊലീസ് വിശദാശംങ്ങൾ തേടിയിട്ടുണ്ട്. മൂന്ന് ദിവസമായിട്ടും കൂടുതൽ വിവരങ്ങൾ കോർപ്പറേഷൻ നൽകിയിട്ടില്ല.