സ്ത്രീധന പീഡനം: നവവധു കാറിൽ മരിച്ച നിലയിൽ

Tuesday 01 July 2025 12:31 AM IST

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നവവധുവിനെ കാറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഞയറാഴ്ച രാവിലെയാണ് റിധന്യയെ (27) മൊണ്ടിപാളയത്ത് വച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം സ്ത്രീധന പീഡനമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഭർത്താവിനെയും ഭർത്താവിന്റെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഈ വർഷം ഏപ്രിലിലാണ് റിധന്യയും കവിൻ കുമാറും വിവാഹിതരായത്. 100 പവന്റെ സ്വർണവും 70 ലക്ഷം രൂപ വിലവരുന്ന വോൾവോ കാറും നൽകിയാണ് ഗാർമെന്റ് കമ്പനി ഉടമയായ അണ്ണാദുരയുടെ മകളുടെ വിവാഹം നടത്തിയത്. തിരുപ്പൂരിലെ കോൺഗ്രസ് നേതാവായ കൃഷ്ണന്റെ ചെറുമകനാണ് കവിൻ. ഞായറാഴ്ച മൊണ്ടിപാളയത്തെ അമ്പലത്തിൽ പോകുന്നുവെന്ന് പറഞ്ഞാണ് റിധന്യ വീട്ടിൽ നിന്ന് കാറെടുത്ത് ഇറങ്ങിയത്. ഒരുപാട് നേരം കാർ നിറുത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിലാണ് യുവതിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോകുന്ന വഴിയിൽ കാർ നിറുത്തി വിഷം കഴിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം,ജീവനൊടുക്കും മുൻപ് റിധന്യ അച്ഛന് അയച്ച ശബ്ദസന്ദേശങ്ങളും ഇന്നലെ പുറത്ത് വന്നു. ഭർതൃ വീട്ടിൽ ശാരീരികവും മാനസികവുമായ പീഡനമാണ് നേരിടേണ്ടി വന്നത്. ജീവിതം മടുത്തു എങ്ങനെയെങ്കിലും ഒത്തുപോകാൻ എല്ലാവരും പറയുന്നു ഇനിയും സഹിക്കാനാവില്ലെന്നും റിധന്യ അച്ഛന് അയച്ച സന്ദേശത്തിൽ പറയുന്നു. ഇങ്ങനെയൊരു തീരുമാനം എടുത്തതിന് മാതാപിതാക്കളോട് യുവതി ക്ഷമ ചോദിക്കുകയും ചെയ്തു.

500 പവൻ നൽകിയില്ല

ഒരു മാസം നീണ്ട ഭ‍ർതൃഗൃഹത്തിലെ താമസത്തിനിടയിൽ റിധന്യ നേരിട്ടത് വലിയ രീതിയിലുള്ള മാനസിക ശാരീരിക പീഡനമെന്നാണ് റിപ്പോർട്ട്. വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ റിധന്യയുമായി കവിൻ ആദ്യ ദിവസങ്ങളിൽ തന്നെ കലഹം ആരംഭിച്ചിരുന്നു. കവിന്റെ ലൈംഗിക പീഡനവും ഭർതൃവീട്ടുകാരുടെ മാനസിക പീഡനവും താങ്ങാനാവാതെ വന്നതോടെയാണ് റിധന്യ സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയത്. 500 പവൻ നൽകിയില്ലെന്നതായിരുന്നു ഭ‍ർതൃവീട്ടുകാരുടെ പരാതി. സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവ‍ർ പങ്കെടുത്ത ആഡംബര വിവാഹത്തിനായി 2.5 കോടിയോളമാണ് റിധന്യയുടെ വീട്ടുകാർ ചെലവഴിച്ചത്. ഭർത്താവിന്റെ വീട്ടിൽ വിളക്ക് തെളിയിക്കാൻ പോലും യുവതിയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. വിളക്കിൽ തൊട്ടാൽ ശിക്ഷയായി ഒരു മണിക്കൂറോളം നിൽക്കണം. ഇതിന് പിന്നാലെ ഭർതൃവീട്ടുകാർ പതിവായി ശാപവാക്കുകൾ പറഞ്ഞ് യുവതി സമ്മർദ്ദത്തിലാക്കി.

ഭർത്താവിൽ നിന്നുണ്ടായ ലൈംഗിക അതിക്രമത്തേക്കുറിച്ച് സംസാരിച്ചാൽ റിധന്യയുടെ പേര് വിശദമാക്കി ആത്മഹത്യ ചെയ്യുമെന്ന് കവിൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നു.