സയണിസ്റ്റുകളും ആർ.എസ്.എസും ഇരട്ടപെറ്റ സഹോദരങ്ങൾ: പിണറായി

Tuesday 01 July 2025 2:16 AM IST

കോഴിക്കോട്: ലോകത്തെ ഭീകരപ്രവർത്തനങ്ങളോടൊപ്പമാണ് ആർ.എസ്.എസെന്നും ഇസ്രയേലിലെ സയണിസ്റ്റുകളും ആർ.എസ്.എസും ഇരട്ടപെറ്റ സഹോദരങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൂതരെ കൂട്ടക്കൊല നടത്തിയ ഹിറ്റ്ലറെ ലോകത്താരും അംഗീകരിക്കാതിരുന്നപ്പോൾ, അത് അനുകരണീയ മാതൃകയെന്ന് പ്രഖ്യാപിച്ചവരാണ് ആർ.എസ്.എസ്. ​അവരുടെ ​ഗ്രന്ഥമായ വിചാരധാരയിൽ ആഭ്യന്തരശത്രുക്കളായി പറഞ്ഞത് ക്രൈസ്തവരെയും മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയുമാണ്. ഇത് ഇന്ത്യയുടെ ആശയമല്ല.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ നിലകൊണ്ടത് സാമ്രാജ്യത്വവിരുദ്ധ നയത്തോടൊപ്പമായിരുന്നു. ഇതിൽ വെള്ളം ചേർത്തത് കോൺഗ്രസാണ്. സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചാണ് സവർക്കർ ആൻഡമാൻ ജയിലിൽനിന്ന് മോചിതനായത്. ആ ചരിത്രം അതേപോലെ രേഖപ്പെടുത്തിയാൽ ബി.ജെ.പിക്ക് ക്ഷീണമാകും, അതുകൊണ്ടാണ് ചരിത്രം തിരുത്താൻ കേന്ദ്രം ഒരുങ്ങുന്നത്. പാഠപുസ്തകങ്ങൾ തിരുത്തുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞപ്പോൾ അതിന് തയ്യാറല്ലെന്ന് കേരളം പ്രഖ്യാപിച്ചു. ഇതിന്റെയെല്ലാം പക കേരളത്തോട് തീർക്കുകയാണ് കേന്ദ്രം.

സാമ്രാജ്യത്വ വിരുദ്ധസമീപനവും വർ​ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് എസ്.എഫ്.ഐയുടേത്. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എസ്.എഫ്.ഐക്ക് കുതിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി സമ്മേളനത്തിൽ അദ്ധ്യക്ഷനായി.സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം

ആർ.അരുൺ കുമാർ,മന്ത്രി പി.എ. മുഹമ്മദ് റിയാസ്,മേയർ ബീന ഫിലിപ്പ്,എസ്.എഫ്.ഐ ദേശീയ ജനറൽ സെക്രട്ടറി

ശ്രീജൻ ഭട്ടാചാര്യ,എം.മെഹബൂബ്,വി.പി സാനു,മയൂഖ് ബിശ്വാസ്,കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ മാതാപിതാക്കൾ,എസ്.എഫ്.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങൾ,എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കാൽലക്ഷത്തോളം വിദ്യാർത്ഥികളുടെ റാലി സംഗമിച്ചശേഷമായിരുന്നു കോഴിക്കോട് കടപ്പുറത്ത് മുഖ്യമന്ത്രിയുടെ പൊതുസമ്മേളനം.