ഇന്ത്യയ്‌ക്ക് മതേതരത്വം വഴങ്ങില്ല: സുധാംശു ത്രിവേദി

Tuesday 01 July 2025 2:19 AM IST

ന്യൂഡൽഹി: ഇന്ത്യൻ സംസ്‌കാരം മതേതരത്വത്തെ പിന്തുണയ്‌ക്കുന്നില്ലെന്ന് ബി.ജെ.പി ദേശീയ വക്താവും രാജ്യസഭാ എം.പിയുമായ സുധാൻഷു ത്രിവേദി. മതേതരത്വത്തിന്റെ പേരിൽ രാജ്യത്ത് വിശ്വാസവും സംസ്കാരവും ഭീഷണി നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായകൻ സുദിപ്തോ സെന്നും അംബിക ജെ.കെയും ചേർന്നെഴുതിയ 'ദി അൺടോൾഡ് കേരള സ്റ്റോറി' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌‌ത പ്രകാശനം നിർവഹിച്ചു. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിലെ അശോക ചക്രം സാരനാഥിലെ ക്ഷേത്രത്തിൽ നിന്നുള്ളതാണെന്ന് സുധാംശു പറഞ്ഞു. പരശുരാമൻ സൃഷ്‌ടിച്ച കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം വന്നതോടെയാണ് രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്നത്. മലപ്പുറത്ത് വിവാഹ പ്രായം 16 ആക്കണമെന്ന ആവശ്യം ബി.ജെ.പി എതിർത്തതുകൊണ്ടാണ് നടക്കാതിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.