സർക്കാർ നാഥനില്ലാ കളരി: കെ.മുരളീധരൻ
തിരുവനന്തപുരം: സർക്കാരിന്റെ എല്ലാ മേഖലകളും നാഥനില്ലാ കളരിയായെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. സർക്കാർ ആശുപത്രിയിലേക്ക് രണ്ട് കാലിൽ നടന്നുപോകുന്നവർ മൂക്കിൽ പഞ്ഞിവച്ച് വരേണ്ട അവസ്ഥയാണുള്ളത്. പേപ്പട്ടിയുടെ കടിയേറ്റത് മൂലമല്ല, ഇഞ്ചക്ഷൻ നൽകുന്നതിലാണ് പല മരണങ്ങളും സംഭവിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു.
മുൻ നഗരസഭ മേയറും ദീർഘകാലം കണ്ണമ്മൂല വാർഡ് കൗൺസിലറുമായ എം.പി.പദ്മനാഭന്റെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമ്പാനൂർ ടെറസ് ഹോട്ടലിൽ നടത്തിയ ചടങ്ങിൽ എം.പി.പദ്മനാഭൻ ട്രസ്റ്റ് ചെയർമാൻ സി.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. മികച്ച കൗൺസിലർക്ക് നൽകുന്ന എം.പി.പദ്മനാഭൻ മെമ്മോറിയൽ അവാർഡ് കുന്നുകുഴി കൗൺസിലർ മേരി പുഷ്പത്തിന് നൽകി. യു.ഡി.എഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ്,എം.പി.സാജു,ഫാ.സെബാസ്റ്റ്യൻ,എം.ആർ.മനോജ് തുടങ്ങിയവർ സംസാരിച്ചു.