മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Tuesday 01 July 2025 5:39 AM IST
തെരുവ് നായയുടെ ആക്രമണത്തിൽ അമ്പാട്ട് ജോബിയുടെ ചുണ്ടിന്റെ ഒരു ഭാഗം നഷ്ടപ്പെട്ട നിലയിൽ.

കോട്ടയം:സൗത്ത് പാമ്പാടി കുറ്റിക്കൽ സെന്റ് തോമസ് സ്‌കൂളിന് സമീപം തെരുവ് നായ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. ചാത്തൻ പുരയിടത്ത് അനീഷ് സി.കുര്യാക്കോസ്, അമ്പാട്ട് ജോബി, കിഴക്കേതിൽ കെ. എസ് ചാക്കോ എന്നിവരെയാണ് നായ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. അനീഷിന്റെ കൈക്കും മുഖത്തും, വയറിലും കടിയേറ്റു. വീട്ടുമുറ്റത്ത് നിന്ന ജോബിയേയും സമാന രീതിയിലാണ് നായ ആക്രമിച്ചത്. ആക്രമണത്തിൽ ജോബിയുടെ ചുണ്ടിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു. വെള്ളറയിൽ മോഹനന്റെ ദേഹത്തേക്ക് നായ ചാടികയറുകയും ഇയാളുടെ കൂട്ടിൽ കിടന്ന കോഴിയെ കൊന്നതായും നാട്ടുകാർ പറഞ്ഞു. മൂവരെയും പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.