ക്ഷേത്രജീവനക്കാരൻ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവം; അ‌ഞ്ച് പൊലീസുകാർ അറസ്റ്റിൽ, കൊലക്കുറ്റം ചുമത്തി

Tuesday 01 July 2025 6:52 AM IST

ചെന്നൈ: ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ അഞ്ച് പൊലീസുകാർ അറസ്റ്റിൽ. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്നലെ അർദ്ധരാത്രിയായിരുന്നു അറസ്റ്റ്. ശിവഗംഗയിൽ മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത ബി അജിത് കുമാർ (27) ആണ് തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ മരണപ്പെട്ടത്. ശിവഗംഗ മടപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായിരുന്നു അജിത് കുമാർ.

അജിത് കുമാറിന്റെ ശരീരത്തിൽ 30 ഇടങ്ങളിൽ ക്ഷതമേറ്റിട്ടുള്ളതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. മരണത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അറസ്റ്റിലായ നിരായുധനായ ഒരാളെ എന്തിനാണ് ആക്രമിച്ചതെന്ന് കോടതി ചോദിച്ചിരുന്നു. ഡിഎംകെ സർക്കാർ അധികാരത്തിലേറ്റതിന് ശേഷമുണ്ടായ ലോക്കപ്പ് മരണങ്ങളിൽ വിശദീകരണം നൽകണമെന്നും ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

ഒരു യുവതിയുടെ കാറിൽ നിന്ന് ഒൻപത് പവൻ സ്വർണം മോഷണം പോയെന്ന പരാതിയിലാണ് തിരുപ്പുവനത്തെ മദപുരം ക്ഷേത്രത്തിൽ താത്‌കാലിക സുരക്ഷാ ജീവനക്കാരനായ അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷയം ഡിഎംകെ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയതിന് പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അജിത് കുമാറിന്റെ മൃതദേഹം മടപ്പുറത്ത് സംസ്‌കരിച്ചു. യുവാവിന്റെ മരണത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മജിസ്‌ട്രേറ്റിന് നിവേദനം നൽകിയിരുന്നു.