ജാപ്പനീസ് സമുദ്രോത്പന്ന വിലക്ക് ഭാഗികമായി നീക്കി ചൈന
ബീജിംഗ്: ജപ്പാനിൽ നിന്നുള്ള സമുദ്രോത്പന്ന ഇറക്കുമതിക്ക് ചൈന ഏർപ്പെടുത്തിയിരുന്ന വിലക്ക് ഭാഗികമായി നീക്കി. 2023 മുതലാണ് ജാപ്പനീസ് സമുദ്രോത്പന്നങ്ങൾക്ക് ചൈന നിരോധനം ഏർപ്പെടുത്തിയത്. ജപ്പാനിലെ തകർന്ന ഫുകുഷിമ ആണവോർജ്ജ പ്ലാന്റിൽ ശുദ്ധീകരിച്ച് സൂക്ഷിച്ചിട്ടുള്ള മലിന ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കിത്തുടങ്ങിയതാണ് കാരണം.
ജപ്പാനിലെ 47 പ്രവിശ്യകളിൽ, ടോക്കിയോ, ഫുകുഷിമ എന്നിങ്ങനെ 10 പ്രവിശ്യകളിൽ നിന്ന് ഒഴികെയുള്ള ഇറക്കുമതികൾ ഉപാധികളോടെ പുനരാരംഭിക്കുമെന്ന് ചൈന അറിയിച്ചു. ഫുകുഷിമയിൽ നിന്ന് ശേഖരിച്ച മലിന ജലത്തിന്റെ സാമ്പിൾ പരിശോധനയിൽ അസ്വഭാവികമായ ഒന്നും കണ്ടെത്തിയില്ലെന്നും ചൈന കൂട്ടിച്ചേർത്തു.
2011ലെ പൊട്ടിത്തെറിക്ക് ശേഷം റിയാക്ടറുകളെ തണുപ്പിക്കാൻ ഉപയോഗിച്ചതടക്കം ഫുകുഷിമ ആണവ നിലയത്തിൽ ശുദ്ധീകരിച്ച് സൂക്ഷിച്ച റേഡിയോ ആക്ടീവ് ജലമാണ് ജപ്പാൻ 2023 ആഗസ്റ്റ് മുതൽ പുറന്തള്ളിത്തുടങ്ങിയത്. 30 വർഷംകൊണ്ട് 13 ലക്ഷം ടൺ ജലം ഒഴുക്കാനാണ് ലക്ഷ്യം.
കടലിലേക്ക് ഒഴുക്കുന്ന ജലം സുരക്ഷിതമാണെന്നും മനുഷ്യർക്കോ പരിസ്ഥിതിക്കോ ഹാനികരമാകുന്ന തരത്തിലെ റേഡിയോ ആക്ടീവ് ഘടകങ്ങളുടെ സാന്നിദ്ധ്യമില്ലെന്നും യു.എൻ സ്ഥിരീകരിച്ചിരുന്നു.