ഗാസയിലെ കഫേയിൽ ബോംബിട്ട് ഇസ്രയേൽ: 22 മരണം

Tuesday 01 July 2025 7:25 AM IST

ടെൽ അവീവ്: ഗാസ സിറ്റിയിൽ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന കഫേയിൽ ബോംബിട്ട് ഇസ്രയേൽ. 22 പാലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ആക്ടിവിസ്റ്റുകളും മാദ്ധ്യമ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമൊക്കെ പതിവായി എത്തിയിരുന്ന അൽ ബഖ കഫറ്റീരിയയ്ക്ക് നേരെയായിരുന്നു ആക്രമണം.

കടൽത്തീരത്ത് ഒരുക്കിയ ടെന്റുകൾ ചേർന്നതാണ് ഔട്ട്ഡോർ കഫേയായ ഇവിടം. ആക്രമണമുണ്ടായ ഇടത്ത് മൃതദേഹങ്ങൾ ഛിന്നിച്ചിതറി കിടക്കുന്നതിന്റെ ഭീകര ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇന്നലെ ആകെ 80 പേരാണ് ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ടത്.

വെടിനിറുത്തലുമായി ബന്ധപ്പെട്ട് ഇസ്രയേലി ഉദ്യോഗസ്ഥർ ഇന്ന് വാഷിംഗ്ടണിൽ ചർച്ച നടത്താനിരിക്കെയാണ് ആക്രമണങ്ങൾ കടുപ്പിച്ചത്. വടക്കൻ ഗാസയിൽ നിന്ന് തെക്കൻ പ്രദേശങ്ങളിലേക്ക് ജനങ്ങൾ അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 56,530 കടന്നു.