വാക്ക് പാലിച്ചു, സിറിയയ്ക്കുമേലുള്ള യുഎസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്

Tuesday 01 July 2025 8:01 AM IST

വാഷിംഗ്‌ടൺ: സിറിയയ്ക്കുമേലുള്ള യുഎസിന്റെ ഉപരോധങ്ങൾ അവസാനിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിൽ ഒപ്പുവച്ചു. കഴിഞ്ഞ മേയിൽ പശ്ചിമേഷ്യയിൽ നടത്തിയ സന്ദർശനത്തിനിടെ സിറിയയ്ക്കുമേലുള്ള ഉപരോധങ്ങൾ എടുത്തുമാറ്റുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. സന്ദർശനത്തിനിടെ സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷറായുമായി ട്രംപ് ചർച്ച നടത്തുകയും ചെയ്തിരുന്നു. മുൻ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനുമേലുള്ള ഉപരോധങ്ങൾ തുടരുമെന്നും യുഎസ് വ്യക്തമാക്കി.

ഉപരോധങ്ങൾ ലഘൂകരിക്കണമെന്ന് മാസങ്ങളായി സിറിയ യുഎസിനോട് ആവശ്യപ്പെട്ട് വരികയായിരുന്നു. കഴിഞ്ഞ മേയിൽ സിറിയയ്ക്ക് ഇളവുകൾ അനുവദിച്ചുകൊണ്ട് ഉപരോധം അവസാനിപ്പിക്കുന്നതിലെ ആദ്യ ചുവടുവയ്പ്പ് യുഎസ് സ്വീകരിച്ചിരുന്നു. വാഗ്ദാനം പാലിച്ചതായി ട്രംപ് ഉത്തരവിന് പിന്നാലെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.

സിറിയൻ ബാങ്കുകൾ, വിമാനക്കമ്പനികൾ, പ്രസിഡന്റ് അൽ ഷറാ എന്നിവർക്കുമേലുള്ള നിയന്ത്രണങ്ങൾ ട്രഷറി വകുപ്പ് കഴിഞ്ഞ മാസം ലഘൂകരിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെയുള്ള അംഗീകൃത ഇടപാടുകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. സിറിയയിൽ നിക്ഷേപവും സാമ്പത്തിക വീണ്ടെടുക്കലും പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞിരുന്നു.

സിറിയയ്ക്കു മേലുള്ള അവശേഷിക്കുന്ന എല്ലാ ഉപരോധങ്ങളും യൂറോപ്യൻ യൂണിയനും പിൻവലിച്ചിട്ടുണ്ട്. അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളായ തുർക്കിയും സൗദി അറേബ്യയും സിറിയയുടെ പുതിയ സർക്കാരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് പിന്തുണ അറിയിച്ചിട്ടുണ്ട്.