മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കാൻ, യേശുവും നബിയും കൈകോർക്കുന്ന കാർട്ടൂൺ വരച്ചു; നടപടി
ഇസ്താംബുൾ: ലെമാൻ എന്ന വാരികയിൽ ആക്ഷേപഹാസ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് തുർക്കിയിൽ കാർട്ടൂണിസ്റ്റുകൾ അറസ്റ്റിൽ. കാർട്ടൂണിസ്റ്റ് ഡോഗൻ പെഹ്‌ലെവാനും എഡിറ്റർ ഇൻ ചീഫ് ഇൻസ്റ്റിറ്റ്യൂഷണൽ ഡയറക്ടർ, ഗ്രാഫിക് ഡിസൈനർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യേശുവും മുഹമ്മദ് നബിയും കൈകോർക്കുന്നതാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരുന്നത്. യുദ്ധ പശ്ചാത്തലത്തിൽ നിന്ന് പ്രവാചകരുടെ കീഴിൽ നിന്ന് മിസൈലുകൾ പറന്നുയരുന്നത് കാർട്ടൂണിൽ കാണിച്ചിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
യുദ്ധത്തിനിടെ മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്ന സന്ദേശമായിരുന്നു ചിത്രീകരണത്തിന്റെ ഉദ്ദേശം. എന്നാൽ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും മത യാഥാസ്ഥിതികരിൽ നിന്നും കടുത്ത പ്രതിഷേധമാണ് കാർട്ടൂണിനെതിരെ ഉയർന്നത്. ഒരു വിശ്വാസത്തിന്റെ പവിത്രമായ മൂല്യങ്ങളെ മോശം രീതിയിൽ നർമ്മ വിഷയമാക്കാൻ ആർക്കും അവകാശമില്ല. പ്രവാചകൻ മുഹമ്മദ് നബി ഉൾപ്പെടുന്ന കാർട്ടൂണുകളും ചിത്രങ്ങളും മതസൗഹാർദ്ദത്തെെയും സാമൂഹിക ഐക്യത്തെയും തകർക്കുമെന്ന് നീതിന്യായ മന്ത്രി പറഞ്ഞു.
ലെമാനിലെ ജീവനക്കാർ പതിവായി വരുന്ന ഇസ്താംബൂളിലെ ഒരു ബാറിൽ ഇതിനെ തുടർന്ന് പ്രതിഷേധമുണ്ടായി. സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഏകദേശം 250 മുതൽ 300 വരെ ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ഇസ്താംബൂളിലെ ലെമാന്റെ ഓഫീസിലേക്കും ഒരു കൂട്ടം പ്രതിഷേധക്കാർ മാർച്ച് നടത്തി. മുദ്രാവാക്യം വിളിക്കുകയും മാസികയുടെ പ്രവേശന കവാടങ്ങൾ തകർക്കുകയും ചെയ്തു. ഇസ്ലാമിനെയോ പ്രവാചകനെയോ അപമാനിച്ചതല്ല. ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ ബുദ്ധിമുട്ടുകൾ എടുത്തുകാണിക്കാനാണ് കാർട്ടൂണിസ്റ്റ് ഉദ്ദേശിച്ചതെന്ന് മാഗസിൻ വിശദീകരിച്ചു.