പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്ക്; താരപുത്രിയെത്തുന്നത് നായികയായി, നായകൻ ആര്?
മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്. ആശിർവാദ് സിനിമാസിന്റെ മുപ്പത്തിയേഴാം സിനിമയിലാണ് താരപുത്രി നായികയായി അരങ്ങേറ്റം കുറിക്കുന്നതെന്നാണ് വിവരം. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. എഴുത്ത്, ചിത്രരചന തുടങ്ങിയ മേഖലയിലായിരുന്നു വിസ്മയ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ചിത്രത്തിൽ മോഹൻലാൽ എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ. നായകനും സംവിധായകനും ആരൊക്കെയാണെന്ന് വ്യക്തമല്ല. ഏതെങ്കിലും സൂപ്പർതാരമായിരിക്കുമോ നായകനെന്നും ചോദ്യമുയർന്നിട്ടുണ്ട്.
പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ കല്യാണിയും സിനിമയിലെത്തിയപ്പോൾത്തന്നെ വിസ്മയ സിനിമയിലേക്ക് വരുമോയെന്ന ചോദ്യം ആരാധകരിൽ നിന്നുയർന്നിരുന്നു. മകൾ സിനിമയിലേക്ക് വരുമോയെന്ന ചോദ്യത്തിന് അവർക്ക് തീരുമാനിക്കാമെന്നായിരുന്നു മോഹൻലാൽ അന്നൊക്കെ മറുപടി നൽകിയത്.
അടുത്തിടെയാണ് മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനുപിന്നാലെയാണ് മറ്റൊരു താരപുത്രി കൂടി വെള്ളിത്തിരയിലെത്തുന്നത്.