‌കൊടുംഭീകരൻ അബൂബക്കർ സിദ്ദിഖി പിടിയിൽ; അറസ്റ്റ് 30 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം

Tuesday 01 July 2025 4:49 PM IST

അമരാവതി: കൊടുംക്രിമിനൽ അബൂബക്കർ സിദ്ദിഖി പിടിയിൽ. ദക്ഷിണേന്ത്യയിൽ നിരവധി ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനാണ് ഇയാൾ. ആന്ധ്രാപ്രദേശിലെ ഒളിത്താവളത്തിൽ നിന്ന് തമിഴ്നാട് പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയതെന്നാണ് വിവരം.

കഴിഞ്ഞ 30 വർഷമായി പൊലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. ഇയാളെ കണ്ടെത്തുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് അലി എന്ന മറ്റൊരു പിടികിട്ടാപ്പുള്ളിയേയും അറുപതുകാരനായ സിദ്ദിഖിക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.


ഇരുവർക്കും തമിഴ്നാട്ടിലും അയൽ സംസ്ഥാനങ്ങളിലുമുള്ള നിരവധി ബോംബ് സ്‌ഫോടനങ്ങൾ, കൊലപാതകം, ഭീകരവാദ കേസുകൾ എന്നിവയുമായി ബന്ധമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇരുവരെയും പിടികൂടിയത്.