ഗാന്ധിഭവൻ സ്നേഹ വീട്ടിൽ പുതിയ അതിഥി
Wednesday 02 July 2025 2:27 AM IST
ഹരിപ്പാട്: നാഷണൽ ഹൈവേയിൽ അവശനിലയിൽ കണ്ട വയോധികനെ ഹരിപ്പാട് പൊലീസ് ഗാന്ധിഭവൻ സ്നേഹവീട്ടിൽ എത്തിച്ച് സംരക്ഷണം ഒരുക്കി. സംസാരശേഷി ഇല്ലാത്ത അന്യസംസ്ഥാനക്കാരനായ 70 വയസ് തോന്നിക്കുന്ന വൃദ്ധനെ കരുവാറ്റ പവർ ഹൗസിന് സമീപം കാണുകയും നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും ആയിരുന്നു. തുടർന്ന് ഹരിപ്പാട് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗാന്ധിഭവന്റെ സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരം ഗാന്ധിഭവൻ സ്നേഹവീട്ടിൽ സംരക്ഷണം ഒരുക്കി. സീനിയർ പോലീസ് കോൺസ്റ്റബിൾ ബെൽരാജ് , പൊലീസ് കോൺസ്റ്റബിൾ രാകേഷ് എന്നിവർ ചേർന്ന് സ്നേഹവീട്ടിൽ എത്തിച്ചു. വൃദ്ധന്റെ സംരക്ഷണം ആരോഗ്യപരിരക്ഷ എന്നിവ ഉറപ്പാക്കുമെന്ന് സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ അറിയിച്ചു.