മൂന്ന് ദിവസത്തിനിടെ 500 തവണ കുലുങ്ങി; ഇന്നേക്ക് നാലാം നാള്‍ രാക്ഷസത്തിരമാലകള്‍ നാടിനെ വിഴുങ്ങുമോ?
ടോക്കിയോ: ജൂലായ് അഞ്ചിന് ജപ്പാനെ പിടിച്ച് കുലുക്കി ലോകത്തെ ഞെട്ടിക്കുന്ന ഒരു മഹാദുരന്തം സംഭവിക്കുമെന്ന പ്രവചനം ലോകജനതയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള ചില സംഭവവികാസങ്ങള്‍ പ്രവചനം സത്യമാകുമെന്ന വിദൂര സൂചനകളും നല്‍കുന്നുണ്ട്. ഒരു വലിയ പ്രകൃതി ദുരന്തം ജപ്പാനെ കാത്തിരിക്കുന്നുവെന്നാണ് റയോ തത്സുകിയുടെ പ്രവചനം. കോവിഡ് മഹാമാരിയും 2011ലെ സുനാമിയും കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ആധുനിക ബാബ വാംഗെ എന്നറിയപ്പെടുന്ന തത്സുകി എന്നതാണ് ഭീതി വര്‍ദ്ധിപ്പിക്കുന്നത്.
ജപ്പാനിലെ ടൊകാര ദ്വീപില്‍ ശനിയാഴ്ച മുതല്‍ ഇങ്ങോട്ട് 500 തവണയാണ് ചെറുത് ഉള്‍പ്പെടെയുള്ള ഭൂമികുലുക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെയാണ് പ്രവചനം യാഥാര്‍ത്ഥ്യമാകുമോയെന്ന ആശങ്ക വര്‍ദ്ധിക്കുന്നത്. ദ്വീപിലെ ഭൂമി കുലുക്കം 2011ന് സമാനമായ സുനാമി ആഞ്ഞടിക്കുമോ എന്നാണ് നിരവധിപേര്‍ ആശങ്കപ്പെടുന്നത്.
തെക്ക്പടിഞ്ഞാറന്‍ ജപ്പാനിലെ കഗോഷിമ ദ്വീപസമൂഹത്തിലുള്ള ദ്വീപാണ് ടൊകാര. അടിക്കടിയുണ്ടായ ഭൂചലനങ്ങളിലും സാരമായ നാശനഷ്ടങ്ങള്‍ ദ്വീപിലുണ്ടായില്ലെന്നതാണ് ആശ്വാസം. ദ്വീപും പരിസര പ്രദേശങ്ങളും അതിസൂക്ഷ്മമായി നിരീക്ഷിച്ചു വരിയാണെന്ന് ജപ്പാന്റെ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നഗരങ്ങള്‍ കടലില്‍ വീഴും, വെള്ളം തിളച്ച് മറിയും, വലിയ തിരമാലകള്‍ കൂറ്റന്‍ സൂനാമി എന്നിവയുണ്ടാകും.
അത് തൊഹുക്കുവില്‍ 2011 ല്‍ ഉണ്ടായതിലും ഭയങ്കരമാകുമെന്നാണ് റയോ തത്സുകി 'ഞാന്‍ കണ്ട ഭാവി' എന്ന പുസ്തകത്തില്‍ പറയുന്നത്
പുതിയ സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാണ്. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും ഇത്തരം പ്രവചനങ്ങള്‍ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നുമാണ് ജാപ്പനീസ് ഭരണകൂടം ജനങ്ങള്‍ക്ക് വേണ്ടി പുറത്തിറക്കിയ സന്ദേശത്തില്‍ പറയുന്നത്. ജപ്പാനിലെ പതിവ് ഭൂകമ്പ സാദ്ധ്യത പ്രദേശത്ത് നിന്ന് അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കഗോഷിമയെന്നതിനാല്‍ അനാവശ്യ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജപ്പാനിലെ കാലാവസ്ഥാ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.