ജില്ലയിലേക്ക് കേരള ചിക്കന്റെ അഞ്ച് ഔട്ട് ലെറ്റുകൾ

Wednesday 02 July 2025 12:40 AM IST

ആലപ്പുഴ: ന്യായവിലയ്ക്ക് ഗുണമേന്മയുള്ള കോഴിയിറച്ചി ലഭ്യമാക്കുന്ന കേരളചിക്കന്റെ ഔട്ട്ലെറ്റുകൾ ആലപ്പുഴയിലെത്തുന്നു. ആദ്യഘട്ടത്തിൽ അഞ്ച് ഔട്ട്ലെറ്റുകളാണ് ആരംഭിക്കുന്നത്. ഇതിനായി അപേക്ഷ ക്ഷണിച്ചുതുടങ്ങി. ഹരിപ്പാട്, ചേർത്തല, കായംകുളം എന്നിവിടങ്ങളിൽ നിന്ന് അപേക്ഷകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഫ്രോസൺ, ചിൽഡ് ഉത്പന്നങ്ങൾ, ലൈവ് ചിക്കൻ എന്നിവ ഔട്ട്ലെറ്റുകളിൽ നിന്ന് ലഭിക്കും. മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇപ്പോൾ കേരളചിക്കന്റെ ഔട്ട്ലെറ്റുകളുള്ളത്. ജില്ലയിൽ കാർത്തികപ്പള്ളി, കായംകുളം, ചേർത്തല എന്നിവിടങ്ങളിലായി 12 ഫാമുകൾ കേരളചിക്കനുണ്ട്. പുതിയവയ്‌ക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മറ്റുഫാമുകൾ നടത്തുന്ന കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം. 386 കോടിയുടെ വിറ്റുവരവാണ് കേരളചിക്കനുള്ളത്.

ചിൽഡ് ഉത്പന്നങ്ങൾക്കായിരിക്കും ആലപ്പുഴയിലെ ഔട്ട്ലെറ്റുകളിൽ പ്രാധാന്യം നൽകുക. അഞ്ചുദിവസം വരെ കേടുകൂടാതെ ഉപയോഗിക്കാൻ കഴിയുന്നവയാണ് ഇവ.

ചിൽഡ് ഉത്പന്നങ്ങൾക്ക് പ്രാധാന്യം

1. പക്ഷിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ജില്ലയെന്ന നിലയിൽ ചിൽഡ് ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകും

2. പക്ഷിപ്പനി റിപ്പോർട്ട് ചെയ്താൽ മാസങ്ങൾ വരെ ചിക്കൻ ഉത്പന്നങ്ങൾക്ക് ജില്ലയിൽ നിരോധനം ഏർപ്പെടുത്താറുണ്ട്

3. ഫ്രോസൺ ഉത്പന്നങ്ങൾ കൂടുതലായി എത്തിച്ചാൽ ഇവ വില്പന നടത്താനാകാത്ത സാഹചര്യമുണ്ടാകും

4. ഇത് ഒഴിവാക്കാനാണ് ചിൽഡ് ഉത്പന്നങ്ങൾക്ക് മുൻതൂക്കം നൽകുന്നത്. ഔട്ട്ലെറ്റുകൾ വരുന്നതോടെ ജോലി സാദ്ധ്യതകളും ഉണ്ടാകും

ചിൽഡ് ഉത്പന്നങ്ങൾ

ചിക്കൻ ഡ്രം സ്റ്റിക്‌സ്

 ബോൺലെസ് ബ്രസ്റ്റ്

ചിക്കൻ ബിരിയാണി കട്ട്

 ചിക്കൻ കറിക്കട്ട്

 ഫുൾ ചിക്കൻ

ഔട്ട്ലെറ്റുകൾ

തുടക്കത്തിൽ : 5

ലക്ഷ്യം : 12

ആലപ്പുഴയിൽ കേരളചിക്കൻ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അധികം താമസമില്ലാതെ ഔട്ട്ലെറ്റുകൾ ആരംഭിക്കും

-എസ്. അഗിൻ, മാർക്കറ്റിംഗ് മാനേജർ, കേരളചിക്കൻ