റോഡരികിൽ നിർത്തിയിട്ട ഓട്ടോ ഉരുണ്ട് കനാലിൽ വീണു
Wednesday 02 July 2025 12:43 AM IST
ആലപ്പുഴ: നഗരത്തിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോ തനിയെ ഉരുണ്ട് കനാലിൽ പതിച്ചു. വാഹനത്തിൽ ആളുണ്ടായിരുന്നില്ല. കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെ ഓട്ടോഡ്രൈവർക്ക് പരിക്കേറ്റു. കുട്ടനാട് പൂപ്പള്ളി പാലത്തിങ്കൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാഹുലിനാണ് (മണി- 35) പരിക്കേറ്റത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ന് വഴിച്ചേരി മാർക്കറ്റ് റോഡിലാണ് സംഭവം. പൂപ്പള്ളിയിൽനിന്ന് ആലപ്പുഴ മാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങാൻ എത്തിയവർ ഓട്ടോയിൽനിന്ന് പുറത്തിറങ്ങി കടയിലേക്ക് കയറിയതിന് പിന്നാലെയായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട ഓട്ടോ മുന്നോട്ടുനീങ്ങി സമീപത്തെ വാണിജ്യകനാലിൽ പതിച്ചു. ഫയർഫോഴ്‌സെത്തി ക്രെയിൻ ഉപയോഗിച്ചാണ് വാഹനം കരയ്ക്കുകയറ്റിയത്. കനാലിന് സംരക്ഷണഭിത്തിയില്ലാത്തതാണ് അപകടത്തിന് കാരണം.