ഡോക്ടേഴ്സ് ദിനത്തിൽ റോഡ് സുരക്ഷാ ക്ലിനിക്കിന് തുടക്കം

Wednesday 02 July 2025 1:52 AM IST

അമ്പലപ്പുഴ: റോഡപടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റോഡ് സുരക്ഷ ക്ലിനിക്കിന് തുടക്കമായി. മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്താദ്യമായി ആരംഭിച്ച ക്ലിനിക്ക് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം, ക്ലിനിക്കൽ വൈദഗ്ദ്ധ്യം, മെഡിക്കൽ വിദ്യാർഥികളുടെ സമൂഹ പങ്കാളിത്തം എന്നിവ സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി ഡ്രൈവർമാർക്ക് പ്രാഥമിക ആരോഗ്യ പരിശോധനകളും, കാഴ്ച, കേൾവി, ന്യൂറോ സംബന്ധമായ പരിശോധനകളും നടത്തും. അപകടമുണ്ടായാൽ ശാസ്ത്രീയമായി ചെയ്യേണ്ട കാര്യങ്ങൾ, ഫസ്റ്റ് എയ്ഡ് ലഭ്യമാക്കൽ എന്നിവയിൽ ഡ്രൈവർമാർ ഉൾപ്പടെ ഉള്ളവർക്ക് പരിശീലനവും നൽകും. പരിശീലനം സിദ്ധിച്ച 25 മെഡിക്കൽ വിദ്യാർത്ഥികൾ സ്കൂളുകളിലെത്തി റോഡുസുരക്ഷയുടെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകും.

ബുധനാഴ്ചകളിൽ രാവിലെ 9 മുതൽ പകൽ 12 വരെ കമ്യൂണിറ്റി മെഡിസിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രിവന്റീവ് മെഡിസിൻ വിഭാഗത്തിനു സമീപമാകും ക്ലിനിക്കിന്റെ പ്രവർത്തനം. റോഡപകടങ്ങളിൽപ്പെടുന്നവർക്കുള്ള ചികിത്സയല്ല, അപകടം ഒഴിവാക്കാനുള്ള നടപടികളാകും ക്ലിനിക്കിൽ ഉണ്ടാവുക. ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. ബി .പത്മകുമാർ അദ്ധ്യക്ഷനായി. ആലപ്പുഴ ആർ. ടി .ഒ എ.കെ.ദിലു, ആർ.എം.ഒ ഡോ.പി.എൽ. ലക്ഷ്മി, അസോസിയേറ്റ് പ്രൊഫ. ഡോ. പി. എസ് .സഞ്ജയ്, ഗവ.നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ നിഷ ജേക്കബ്, ചീഫ് നഴ്സിംഗ് ഓഫീസർ പി .കെ.ഉഷ, കോളേജ് യൂണിയൻ ചെയർപേഴ്സൺ സാൻ മരിയ ബേബി, കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസൽ ഡോ. കരോൾ പിൻ ഹെയ്റോ, ഡോ. വിശ്വകല എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബിന്ദു വാസുദേവ് സ്വാഗതം പറഞ്ഞു.