പൊട്ടിയ കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്
ആലപ്പുഴ : നഗരത്തിൽ പോസ്റ്റിൽ നിന്ന് പൊട്ടി വീണ കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ എൽ.പി.എസിലെ അറബി അദ്ധ്യാപകനായ ചങ്ങനാശേരി കങ്ങഴ തൊണ്ടിടയിൽ സജാദ് റഹ്മാനാണ് (25) പരിക്കേറ്റത്.
ചുങ്കത്തെ താമസസ്ഥലത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ 8.40 ഓടെ ബൈക്കിൽ സ്കൂളിലേക്ക് വരുംവഴി പാസ് പോർട്ട് ഓഫീസിന് സമീപം റോഡിന് കുറുകെ പൊട്ടി വീണ കേബിൾ സജാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിലേക്ക് മറിഞ്ഞു. ബൈക്കിന് മുകളിലേക്കാണ് സജാദ് വീണത്. ഹെൽമറ്ര് ധരിച്ചിരുന്നതിനാൽ തലയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു . കേബിൾ കഴുത്തിൽ കുരുങ്ങിയ ഭാഗത്ത് രണ്ട് സ്ഥലങ്ങളിലായി 8 സെ.മീറ്ററോളം നീളത്തിൽ മുറിവുണ്ടായി. സംഭവസ്ഥലത്തുണ്ടായിരുന്ന വാർഡ് കൗൺസിലർ ഷിമിയും നാട്ടുകാരും ചേർന്ന് സജാദിനെ ഓട്ടോറിക്ഷയിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. എക്സ് റേ പരിശോധനയിൽ കഴുത്തിന് പൊട്ടലോ കാര്യമായ പരിക്കുകളോ ഇല്ലെന്ന് വ്യക്തമായതോടെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിട്ടയച്ചു. പ്രതിദിനം വിദ്യാർത്ഥികളടക്കം നിരവധിയാളുകൾ കടന്നുപോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്.
എപ്പോൾ വേണമെങ്കിലും കഴുത്തിൽ വീഴാം
1. നഗരത്തിലെ മിക്കറോഡുകളിലും ജംഗ്ഷനുകളിലും വിവിധ കമ്പനികളുടെ ഇന്റർനെറ്റ്, ടെലിവിഷൻ സ്ഥാപനങ്ങളുടെ കേബിളുകൾ പൊട്ടിവീണും കുരുങ്ങിയും അപകടകരമായ നിലയിലാണ്
2. കാലിലും കൈയിലും കഴുത്തിലും എപ്പോഴും കുരുങ്ങാവുന്ന ഇവ രാത്രികാലങ്ങളിൽ മരണക്കുരുക്കാകാം. പലതവണ ഇത് സംബന്ധിച്ച് വാർത്തകൾ വന്നെങ്കിലും പരിഹാരത്തിന് അധികൃതർ തയ്യാറായിട്ടില്ല
3. അശാസ്ത്രീയമായും അനധികൃതമായും വലിച്ചിട്ടുള്ള കേബിളുകൾ നീക്കംചെയ്യാൻ കേബിൾ ഓപ്പറേറ്റർമാർക്ക് കെ.എസ്.ഇ.ബി നോട്ടീസ് നൽകിയെങ്കിലും ഇവ ടാഗ് ചെയ്യാനോ സുരക്ഷിതമാക്കാനോ തയ്യാറായിട്ടില്ല.
4. നിർദ്ദേശം പാലിക്കാത്ത കേബിളുകൾ നീക്കം ചെയ്യാൻ കെ.എസ്.ഇ.ബിയും തയ്യാറാകാത്തതാണ് ഏത് സമയവവും ആർക്കും മരണക്കുരുക്കാകും വിധമുള്ള കേബിൾ വലകൾക്ക് കാരണം.
നഗരത്തിൽ അനധികൃതമായി വലിച്ചിട്ടുള്ള കേബിളുകൾ നീക്കം ചെയ്യാൻ ഓപ്പറേറ്റർമാർക്ക് നോട്ടീസ് നൽകിയെങ്കിലും പലരും അത് പാലിക്കാൻ കൂട്ടാക്കിയിട്ടില്ല. നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും
- കെ.എസ്.ഇ.ബി ഓഫീസ്, ആലപ്പുഴ