വിരുദ്ധ ഉത്തരവുകളുമായി ഉന്നതവിദ്യാഭ്യാസവകുപ്പും യൂണിവേഴ്സിറ്റിയും: ആശങ്ക തീരാതെ നാലുവർഷ ബിരുദ പ്രോഗ്രാം

Tuesday 01 July 2025 9:14 PM IST

കണ്ണൂർ: മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പും കണ്ണൂർ യൂണിവേഴ്സിറ്റിയും ഇറക്കിയ പരസ്പരവിരുദ്ധമായ ഉത്തരവുകളിൽ പ്രതിസന്ധിയിലായി നാലുവർഷ ബിരുദ പ്രോഗ്രാം വിദ്യാർത്ഥികൾ.മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് 2024 ജൂൺ 22ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിന് നേർ വിപരീതമായി 2025 ജൂൺ 24ന് കണ്ണൂർ യൂണിവേഴ്സിറ്റി ഉത്തരവ് വന്നതാണ് പ്രതിസന്ധിക്ക് പിന്നിൽ.

മറ്റു ഡിസിപ്ലിനുകളിലെ പഠന ബോർഡുകൾ തയ്യാറാക്കിയ കോഴ്സുകൾ യോഗ്യതയുള്ള അദ്ധ്യാപകരെ വച്ച് അതാത് ഡിപ്പാർട്ട്‌മെന്റുകൾക്ക് പഠിപ്പിക്കാൻ അനുവദിക്കുന്നതായിരുന്നു ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവ്.ഇതു പ്രകാരം ഇംഗ്ലീഷ് ലിറ്ററേച്ചർ ഡിപ്പാർട്ട്‌മെന്റിന് ഫംഗ്ഷണൽ ഇംഗ്ലീഷ് അഥവാ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കാം. മറ്റു പല ഡിപ്പാർട്ട്‌മെന്റുകൾക്കും ഇതെ രീതി പിന്തുടരാനും ഇതുവഴി സാധിച്ചിരുന്നു. എന്നാൽ കണ്ണൂർ യൂണിവേഴ്സിറ്റി ഉത്തരവ് പ്രകാരം വിദ്യാർത്ഥികൾ ആദ്യത്തെ രണ്ടു സെമസ്റ്ററുകളിലും സ്വന്തം ഡിപ്പാർട്ട്‌മെന്റിന് പുറത്തുള്ള മൈനർ വിഷയങ്ങൾ മാത്രമേ പഠിക്കാൻ പാടുള്ളു.മൂന്നാമത്തെ സെമസ്റ്ററിൽ സ്വന്തം ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഓഫർ ചെയ്യുന്ന മൈനർ കോഴ്സ് തിരഞ്ഞെടുക്കാമെന്നാണ് യൂണിവേഴ്സിറ്റിയുടെ ഉത്തരവ്.

വെട്ടിലായി വിദ്യാർത്ഥികൾ

കഴിഞ്ഞ വർഷം മൈനർ വിഷയങ്ങൾ സ്വന്തം ഡിപ്പാർട്ട്‌മെന്റിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് ഇതോടെ വെട്ടിലായത്. ആവശ്യമായ ക്രെഡിറ്റ് ലഭിക്കുവാൻ മറ്റ് ഡിപ്പാർട്ട്‌മെന്റുകൾ ഓഫർ ചെയ്യുന്ന കോഴ്സുകൾ അധികം പഠിക്കേണ്ട അവസ്ഥയിലാണ് ഇവർ. ആദ്യവർഷത്തെ രണ്ട് സെമസ്റ്ററുകളിലും മൈനർ വിഷയങ്ങൾ സ്വന്തം ഡിപ്പാർട്ട്‌മെന്റ് ഓഫർ ചെയ്തത് പഠിച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഈ ക്രെഡിറ്റുകൾ അസാധുവാക്കപ്പെട്ടിരിക്കുകയാണ്.ഈ വിഷയത്തിൽ യൂണിവേഴ്സിറ്റിയിലെ ബന്ധപ്പെട്ടവർ കൈമലർത്തുമ്പോൾ വിദ്യാർത്ഥികൾ അദ്ധ്യാപകർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും യൂണിവേഴ്സിറ്റിയുടെയും പിഴവ് മൂലം സൃഷ്ടിക്കപ്പെട്ട പ്രശ്നത്തിലാണ് അദ്ധ്യാപകർ പിഴ മൂളേണ്ടി വന്നിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് ആശങ്കയില്ലാതെ ഈ പ്രശ്നം പരിഹരിക്കാൻ വൈസ് ചാൻസിലർ അടിയന്തരമായി ഇടപെടണം- കെ.പി.സി.ടി.എ മേഖല കമ്മിറ്റി പ്രസിഡന്റ് ജോൺസൺ ജോർജ്, ഡോ.വി.പ്രകാശ്, ഡോ.ആർ.ബിജുമോൻ