സ്വൈര്യം കെടുത്തി ഒച്ചുകൾ: ആഫ്രിക്കൻ കൈയേറ്റം
കണ്ണൂർ: ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം ജില്ലയിലെ പല പ്രദേശങ്ങളും പൊറുതികെട്ട നിലയിൽ.മയ്യിൽ, കുറ്റ്യാട്ടൂർ,കണ്ണപുരം എന്നിവിടങ്ങളിലെല്ലാം ആഫ്രിക്കൽ ഒച്ചുകളുടെ ശല്യം രൂക്ഷമാണ്.മയ്യിൽ ടൗണിനു സമീപവും ചട്ടുകപ്പാറ ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപവുമെല്ലാം ഒച്ചുകൾ നിരന്നുകഴിഞ്ഞു. കയരളം ഭാഗത്തും ഒച്ചുകളുടെ ശല്യമുണ്ട്.
ചക്കരക്കല്ലിൽ മുഴപ്പാല റോഡ്,സോന റോഡ്,മൗവഞ്ചേരി,മിടാവിലോട് തുടങ്ങിയ സ്ഥലങ്ങളും ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമാണ്. കണ്ണപുരം റെയിൽവെ സ്റ്റേഷൻ പരിസരം,നാടുകാണി കിൻഫ്രയ്ക്ക് സമീപം എന്നിവിടങ്ങളിലെല്ലാം ഒച്ചുകൾ കടുത്ത ഭീഷണിയായിട്ടുണ്ട്. കിൻഫ്രയിലെ എസ് ബ്ലോക്കിന് സമീപത്താണ് കഴിഞ്ഞ ദിവസങ്ങളിൽ ഒച്ചുകളെ കണ്ടെത്തിയത്. ഇവിടെ ചില കമ്പനികൾ കൊണ്ടു വരുന്ന സ്ക്രാപ് സാധനങ്ങൾ തള്ളിയതിന് സമീപത്താണ് ഇവയെ ആദ്യം കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഏറെ വലുപ്പമുള്ള ഒച്ചുകളെയാണ് കണ്ടെത്തിയത്. സമീപത്തെ വീടുകൾക്ക് അരികിലും ഇവയുടെ സാന്നിദ്ധ്യമുണ്ട്.
ഇതിനുപുറമെ അഴീക്കോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ, കണ്ണൂർ കോർപ്പറേഷന്റെ വിവിധ ഭാഗങ്ങൾ, ചെറുകുന്ന്, ഇരിട്ടി പയഞ്ചേരി, പുതിയ ബസ്‌സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ശല്യം രൂക്ഷമാണ്. കോർപ്പറേഷൻ പരിധിയിൽ താവക്കര, പയ്യാമ്പലം, റെഡ് ക്രോസ് റോഡ്, ഹാൻവീവ് റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, പള്ളിയാംമൂല, മണൽ എന്നിവിടങ്ങളിലൊക്കെ ശല്യം കൂടിവരികയാണ്.
ആഫ്രിക്കൻ ഒച്ചുകൾ രാത്രി സമയത്താണ് കൂട്ടത്തോടെയാണ് പുറത്തു വരുന്നത്. ചെടികൾ ,പച്ചക്കറി ,വാഴ,മരച്ചീനി എന്നിവ കൂട്ടത്തോടെ തിന്നുതീർക്കുകയും വീടിനുള്ളിൽ വരെ ഇഴഞ്ഞു കയറുകയുമാണ് . എത്ര നശിപ്പിക്കാൻ ശ്രമിച്ചാലും വീണ്ടും ഇവയുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഉപ്പ് ഉപയോഗിച്ചാണ് ഒച്ചുകളെ നശിപ്പിക്കുന്നത്.
ആരോഗ്യത്തിന് ഭീഷണി
ഇവയുടെ സ്രവങ്ങളിൽ കാണപ്പെടുന്ന പരാദവിര മനുഷ്യരുടെ ഉള്ളിൽച്ചെന്നാൽ മസ്തിഷ്കജ്വരത്തിന് വരെ കാരണമാകും. കാർഷികവിളകളും ഇവ വ്യാപകമായി തിന്നു നശിപ്പിക്കും.ഇവയ്ക്ക് പ്രത്യുത്‌പാദനശേഷിയും വളരെ കൂടുതലാണ്. ആൺ-പെൺ ജാതികൾ ഒരേജീവിയിൽത്തന്നെയാണ്. ഒരു ഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. ഇവയിൽ 90 ശതമാനവും വിരിഞ്ഞിറങ്ങും. അനുകൂല സാഹചര്യങ്ങളിൽ ഏഴുമുതൽ പത്തുവർഷം ജീവിക്കുന്ന ഇവയുടെ വംശവർദ്ധന ഭീമമായ തോതിൽ നടക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശമാകെ പെരുകുകയും ചെയ്യും.
ശ്രദ്ധിക്കാനുണ്ട്
ജൈവ അവശിഷ്ടങ്ങൾ കൂട്ടിയിടാതിരിക്കുക
കാടുകയറിക്കിടക്കുന്ന പറമ്പുകൾ വൃത്തിയാക്കുക
ഗ്ലൗസ് ഇട്ട് മാത്രം കൈകാര്യം ചെയ്യണം
തുടർന്ന് കൈകൾ സോപ്പിട്ട് കഴുകണം
ഒച്ചുകളെ ഉപ്പ് വിതറി നശിപ്പിച്ചതിനുശേഷം കുഴിയിൽ മൂടുക
മഴക്കാലം കഴിയുമ്പോൾത്തന്നെ മണ്ണിളക്കിക്കൊടുത്ത് മുട്ടകൾ നശിപ്പിക്കണം
അടുത്ത മഴക്കാലത്ത് ഇവയുടെ വംശവർദ്ധന നിയന്ത്രിക്കാനും കഴിയും
ചത്ത ഒച്ചിനെ കുഴിച്ച് മൂടുക