കടത്തുവള്ളം പുനഃരാരംഭിക്കാൻ നടപടിയായി

Wednesday 02 July 2025 3:29 AM IST

കോവളം: സാമൂഹ്യവിരുദ്ധർ നശിപ്പിച്ച വാഴമുട്ടം ചെന്തിലാക്കിയിലെ കടത്തുവള്ളം അറ്റകുറ്റപ്പണികൾക്ക് ശേഷം ഇന്ന് രാവിലെ മുതൽ പുനഃരാരംഭിക്കാൻ നടപടിയായി. കഴിഞ്ഞ ദിവസം കേരളകൗമുദി നൽകിയ വാർത്തയെ തുടർന്നാണ് നടപടി. കടത്തുവള്ളം നിലച്ചതിനെ തുടർന്ന് വാഴമുട്ടം - പനത്തുറ നിവാസികൾ രണ്ടര കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വന്നിരുന്നു.തുടർന്ന് പനത്തുറ ജുമാ മസ്ജിദ് ഭാരവാഹികൾ ഇന്നലെ രാവിലെ നഗരസഭ തിരുവല്ലം സോണലിലെ ഉദ്യോഗസ്ഥരെ നേരിൽ കണ്ടു.അറ്റകുറ്റപ്പണികളുടെ ചെലവ് തങ്ങൾ വഹിച്ചുകൊള്ളാമെന്ന് ഇവർ അറിയിച്ചതോടെ നഗരസഭാ അധികൃതർ അനുവാദം നൽകുകയായിരുന്നു. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ ഇന്നലെ വള്ളത്തിൽ നിറഞ്ഞ വെള്ളം കോരി മാറ്റിയ ശേഷം കരയിലേക്ക് വലിച്ചു കയറ്റി,അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. ഇന്ന് മുതൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കടത്ത് വള്ളം പ്രവർത്തിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.