സൗരോർജ്ജ നിയമം തിരിച്ചടിയാവരുത്
വൈദ്യുതി ബില്ല് താങ്ങാനാവാതെ വരുന്നതുകൊണ്ടാണ് ഒരു രക്ഷാമാർഗം എന്ന നിലയിൽ, വായ്‌പയെടുത്താണെങ്കിലും ഉപഭോക്താക്കൾ സോളാറിലേക്ക് മാറുന്നത്. അതും ഇനി ഇരുട്ടടിയായി മാറുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. നിലവിൽ നെറ്റ് മീറ്ററിംഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. അതായത് സോളാറിലെ വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് നൽകുകയും വീട്ടാവശ്യത്തിന് കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നവർ അധിക വൈദ്യുതിക്കു മാത്രം ചാർജ് നൽകിയാൽ മതിയായിരുന്നു. എന്നാൽ റഗുലേറ്ററി കമ്മിഷൻ തയ്യാറാക്കിയ പുനരുപയോഗ ഊർജ്ജ ചട്ട ഭേദഗതിയുടെ കരടിൽ നെറ്റ് മീറ്ററിംഗ് സംവിധാനം അശാസ്ത്രീയമാണെന്നും, പകരം ഗ്രോസ് മീറ്ററിംഗ് വേണമെന്നുമാണ് നിർദ്ദേശമുള്ളത്. ഗ്രോസ് മീറ്ററിംഗിലേക്ക് മാറുന്നതോടെ സോളാർ വൈദ്യുതിക്കും, കെ.എസ്.ഇ.ബിയിൽ നിന്ന് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതിക്കും പ്രത്യേകം മീറ്റർ വയ്ക്കും.
ഇങ്ങനെ വരുമ്പോൾ സോളാർ സ്ഥാപിച്ചവർക്ക് കനത്ത നഷ്ടമാവും ഫലം. ഇത്തരമൊരു നിർദ്ദേശം നേരത്തെയും വന്നിരുന്നെങ്കിലും ജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നതിനാൽ പിൻവാങ്ങിയിരുന്നു. ഒരു ഇടവേളയ്ക്കുശേഷം ഇതേ നിർദ്ദേശം വീണ്ടും നടപ്പാക്കാനാണ് റഗുലേറ്ററി കമ്മിഷൻ തുനിയുന്നത്. റഗുലേറ്ററി കമ്മിഷൻ തയ്യാറാക്കിയ കരട് സൗരോർജ്ജ ഉത്‌പാദന രംഗത്തെ തകർക്കുന്നതാണെന്ന് ഉത്പാദകരും കൂട്ടായ്‌മകളും വാദിക്കുമ്പോൾ കരട് നിയമത്തെ അനുകൂലിച്ചുള്ള പ്രചാരണമാണ് കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പകൽ സമയത്തെ വില കുറഞ്ഞ വൈദ്യുതി ഗ്രിഡിലേക്കു നൽകി, പകരം രാത്രിയിൽ വില കൂടിയ വൈദ്യുതി സോളാർ ഉത്‌പാദകർക്ക് നൽകുന്ന രീതി മൂലമുള്ള നഷ്ടം സോളാർ പാനലുകളില്ലാത്ത ഉപഭോക്താക്കൾ കൂടി വഹിക്കേണ്ടിവരുമെന്നും ഇത് ഒഴിവാക്കേണ്ടതാണെന്നുമാണ് കെ.എസ്.ഇ.ബിയുടെ വാദം.
നിലവിലുള്ള സോളാർ ഉപഭോക്താക്കൾക്ക് നെറ്റ് മീറ്ററിംഗ് തുടരുമെന്നാണ് റഗുലേറ്ററി കമ്മിഷൻ പറയുന്നതെങ്കിലും അതു വിശ്വസിക്കാനാവില്ലെന്ന നിലപാടിലാണ് സോളാർ ഉപഭോക്താക്കൾ. ജൂലായ് എട്ടു മുതൽ 11 വരെ ചട്ട ഭേദഗതിയിൽ തെളിവെടുപ്പ് നടക്കുകയാണ്. ഓൺലൈനായാണ് ഇതു നടത്തുന്നത്. ഇതിനുള്ള രജിസ്ട്രേഷൻ ജൂലായ് നാലിന് അവസാനിക്കും. കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് തെളിവെടുപ്പ് ഓൺലൈനായി നടത്താൻ തീരുമാനിച്ചതെന്നാണ് റഗുലേറ്ററി കമ്മിഷൻ പറയുന്നത്. അതേസമയം കഴിഞ്ഞ തവണ നേരിട്ട് തെളിവെടുപ്പ് നടത്തിയപ്പോൾ കെ.എസ്.ഇ.ബിയുടെ അധിക ബില്ലിനെതിരെയുള്ള രോഷം തെളിവെടുപ്പിൽ പങ്കെടുത്തവർ പ്രകടിപ്പിച്ചിരുന്നു. വാഗ്വാദവും ബഹളവും കാരണം തെളിവെടുപ്പ് പൂർത്തിയാക്കാൻ പോലും സാധിക്കാത്ത നില വന്നിരുന്നു. ഇത് ഒഴിവാക്കാനാണ് ഇത്തവണ ഓൺലൈനിലേക്ക് മാറ്റിയതെന്നും പറയപ്പെടുന്നു.
സോളാർ വയ്‌ക്കുന്നവർ പകൽ സമയത്തെ വൈദ്യുതി ഉത്‌പാദനം വർദ്ധിപ്പിച്ചതുകൊണ്ടു മാത്രമായില്ല; അത് രാത്രിയിലേക്ക് ശേഖരിക്കാനായാലേ നിലവിലുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാവൂ. ഇതിനായി സോളാർ ഉപഭോക്താവ് പ്രത്യേക ബാറ്ററി സ്വന്തം കാശുമുടക്കി വയ്ക്കേണ്ടിവരും. ഇതിനു മാത്രം അമ്പതിനായിരം രൂപയോളം മുടക്കേണ്ടിവരുമെന്നു മാത്രമല്ല, നിശ്ചിത വർഷങ്ങളുടെ ഇടവേളയിൽ അതു മാറ്റേണ്ടിയും വരും. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിർദ്ദേശങ്ങളാണ് ചട്ടങ്ങളിലുള്ളത്. ഈ സംവിധാനം വന്നാൽപ്പോലും മൊത്തം ചെലവാക്കുന്ന തുക കണക്കാക്കുമ്പോൾ കെ.എസ്.ഇ.ബിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതും സോളാർ എനർജി ഉപയോഗിക്കുന്നതും തമ്മിൽ ചെലവിൽ കാര്യമായ വ്യത്യാസം വരാൻ പോകുന്നില്ല. കെ.എസ്.ഇ.ബിയും റഗുലേറ്ററി കമ്മിഷനും ചേർന്ന് ഗ്രോസ് മീറ്ററിംഗ് നിർബന്ധമാക്കിയാൽ സോളാറിലേക്കു മാറിയവർക്ക് ഇരുട്ടടി നൽകുന്നതിന് തുല്യമാകും. അതിനാൽ ഗാർഹിക ഉപഭോക്താക്കളെ പുതിയ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനാകുമെങ്കിൽ അതാണ് വേണ്ടത്.