ഓസ്റ്റിന്റെ ചിത്രത്തിൽ മോഹൻലാൽ
ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ മോഹൻലാൽ നായകൻ. കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന് രതീഷ് രവി രചന നിർവഹിക്കുന്നു.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. ഇതാദ്യമായാണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. ഇൗവർഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
ജയസൂര്യയെ നായകനാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിലൂടെ ഓസ്റ്റിൻ സംവിധായക അരങ്ങേറ്റം നടത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അകാലത്തിൽ വിടപറഞ്ഞ ചിത്ര സംയോജകൻ നിഷാദ് യൂസിഫിന്റെ രചനയിലായിരുന്നു ആ ചിത്രം പ്ലാൻ ചെയ്തത്. നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ഓസ്റ്റിൻ തല്ലുമാല, വിജയ് സൂപ്പറും പൗർണമിയും, ഗാനഗന്ധർവൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാംപാതിരയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. അഞ്ചാം പാതിര നിർമ്മിച്ചത് ആഷിഖ് ഉസമാൻ പ്രൊഡക്ഷൻസാണ്.അതേസമയം ജീത്തു ജോസഫിന്റെ ദൃശ്യം 3 ആണ് ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും.ദിലീപ്- വിനീത് ശ്രീനിവാസൻ ചിത്രം ഭ.ഭ. ബയിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ട്. ജൂലായ് ആദ്യം മോഹൻലാൽ പങ്കെടുക്കുന്ന രംഗങ്ങൾ ചിത്രീകരിക്കും.