എല്ലാ റെയിൽവേ സേവനവും റെയിൽവൺ ആപ്പിൽ കിട്ടും
ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇന്നലെ പുറത്തിറക്കിയ റെയിൽവൺ ആപ്പിൽ റെയിൽവേ ജനറൽ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും മൂന്നു ശതമാനം കിഴിവോടെ ലഭിക്കും. റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനത്തിനും ഈ ഒരു ആപ്പിനെ ആശ്രയിച്ചാൽ മതി.
ഐ.ആർ.സി.ടി.സി റെയിൽകണക്റ്റ്, യു.ടി.എസ്, എൻ.ടി.ഇ.എസ്, ഫുഡ് ഓൺ ട്രാക്ക് തുടങ്ങിയ ആപ്പുകൾക്ക് പകരമാണിത്. റെയിൽവേ സ്റ്റേഷനുകളിലെ പോർട്ടർ, ടാക്‌സി സേവനങ്ങൾ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിന്റെ (സി.ആർ.ഐ.എസ്) 40ാം സ്ഥാപക ദിനമായ ഇന്നലെ ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പുതിയ ആപ് പുറത്തിറക്കിയത്.
അതേസമയം ഐ.ആർ.സി.ടി.സി റെയിൽകണക്റ്റ് ആപ്, വെബ്സൈറ്റ് എന്നിവ മുഖേന തുടർന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. നിലവിൽ ഐ.ആർ.സി.ടി.സി റെയിൽകണക്റ്റ്, യു.ടി.എസ് ആപുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിലെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് റെയിൽവൺ ആപിൽ ലോഗിൻ ചെയ്യാൻ സൗകര്യമുണ്ട്. ഒന്നിലധികം ആപുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. ഉപഭോക്താവിന്റെ ഫോൺ സ്റ്റോറേജ് ലാഭിക്കാം. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും, ഐ.ഒ.എസ് ആപ് സ്റ്റോറിലും റെയിൽവൺ ആപ്പ് ലഭ്യമാണ്.
ഒരു ടിക്കറ്റിനും സ്റ്റേഷൻ കൗണ്ടറിൽ ക്യൂ നിൽക്കേണ്ട
1. റിസർവ്ഡ്, ജനറൽ ടിക്കറ്റുകൾ എടുക്കാം. നേരത്തേ യു.ടി.എസ് ആപ് വഴി നടപ്പാക്കിയെങ്കിലും വിജയിച്ചില്ല
2. പ്ലാറ്റ്ഫോം ടിക്കറ്റുകളും ലഭ്യം
3. ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങൾ
4. പി.എൻ.ആർ, കോച്ച് പൊസിഷൻ
5. യാത്രാ പ്ലാനിംഗിന് സഹായിക്കും
6. ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ ട്രാക്കിംഗ്
7. റീഫണ്ടിൽ അടക്കം പരാതി പരിഹാരത്തിന് സംവിധാനം
8. ഭക്ഷണം ഓർഡർ ചെയ്യാം