അനധികൃത മദ്യവില്പന: യുവാവ് പിടിയിൽ
Wednesday 02 July 2025 1:44 AM IST
തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 12 ബോട്ടിൽ ബിയറും അനധികൃതമായി കൈവശം വച്ച യുവാവ് പിടിയിൽ. മണക്കാട് വില്ലേജിൽ കരിമഠം ഭാഗത്ത് സർക്കാർ വക ഫ്ലാറ്റിൽ താമസിക്കുന്ന റിജാസിനെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. മദ്യശാലകൾ പ്രവർത്തിക്കാത്ത അവധിദിവസങ്ങളിലേക്കായി മദ്യം അമിതമായി ശേഖരിച്ച് ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ ബാർഹോട്ടലുകൾ അവധിയായതിനാൽ മദ്യം വാങ്ങാനെന്ന വ്യാജേന സമീപിച്ച പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീജേഷ്,വിനോദ്,അതുൽ,എസ്.സി.പി.ഒ ശ്രീവിശാഖ്,ഇസ്മൈൽ,ദീപു,സി.പി.ഒ ഇൻസി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.