2022ൽ മനുഷ്യനെ ശൂന്യാകാശത്തേക്ക് അയക്കും,ചൈനയുണ്ട് കൂടെ: അവകാശവാദവുമായി പാകിസ്ഥാൻ

Monday 16 September 2019 3:53 PM IST

ഇസ്ലാമബാദ്: 2022ൽ ശൂന്യാകാശത്തേക്ക് തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികനെ ശൂന്യാകാശത്തേക്ക് അയക്കുമെന്ന വാദവുമായി പാകിസ്ഥാൻ രംഗത്ത്. തങ്ങളുടെ പ്രധാന സഖ്യരാജ്യമായ ചൈനയുമായി ചേർന്നാണ് പാകിസ്ഥാൻ ഇതിനുള്ള പദ്ധതി തയാറാക്കുന്നത്. ദൗത്യത്തിനായുള്ള ബഹിരാകാശ യാത്രികരെ 2020ടെ തീരുമാനിക്കുമെന്നും പാകിസ്ഥാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് ഫെഡറൽ മന്ത്രി ചൗദ്രി ഫവാൻ ഹുസൈൻ പറഞ്ഞു. ആദ്യം അൻപത് പേരെയാകും ദൗത്യത്തിനായി തിരഞ്ഞെടുക്കുകയെന്നും ഇതിൽ നിന്നും ഏറ്റവും കഴിവുള്ള 25 പേരെ വേർതിരിക്കുമെന്നും അതിൽ നിന്നും ഒരാളെയാകും ഒടുവിൽ ബഹിരാകാശത്തേക്ക് അയക്കുകയെന്നും ഫവാൻ ഹുസൈൻ പറഞ്ഞു.

പാകിസ്ഥാനി വ്യോമസേനയാകും ഈ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ പ്രധാന തീരുമാനങ്ങൾ എടുക്കുകയെന്നും ഹുസൈൻ അറിയിച്ചു. ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സഹകരണം പ്രദേശത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യക്ക് ശേഷം,1963ൽ, ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചത് പാകിസ്ഥാൻ ആയിരുന്നുവെന്നും ഹുസൈൻ അവകാശപ്പെട്ടു. കഴിഞ്ഞ വർഷം തങ്ങൾ ആഭ്യന്തരമായി വികസിപ്പിച്ച രണ്ട് കൃത്രിമ ഉപഗ്രഹങ്ങൾ പാകിസ്ഥാൻ ബഹിരാകാശത്തേക്ക് അയച്ചിരുന്നു. ഇതിനുവേണ്ടിയുള്ള റോക്കറ്റുകൾ ചൈനയാണ് പാകിസ്ഥാന് നൽകിയത്.