കീം ഫലം പ്രഖ്യാപിച്ചു, എൻജിനിയറിംഗിൽ ജോൺ ഷനോജ്; ഫാർമസിയിൽ അനഘ
കോഴിക്കോട്: എൻജിനിയറിംഗ്,ഫാർമസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എൻജിനിയറിംഗ് വിഭാഗത്തിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജും ഫാർമസിയിൽ ആലപ്പുഴ പത്തിയൂർ സ്വദേശിനി അനഘ അനിലും ഒന്നാം റാങ്ക് നേടി. ഇന്നലെ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ മന്ത്രി ആർ.ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്.
എൻജിനിയറിംഗിൽ എസ്.സി വിഭാഗത്തിൽ കാസർകോട് നീലേശ്വരം സ്വദേശി ഹൃദിൻ എസ്.ബിജുവും എസ്.ടി വിഭാഗത്തിൽ കോട്ടയം മണർകാട് സ്വദേശി കെ.എസ്.ശബരിനാഥും ഒന്നാമതെത്തി. ഫാർമസി എസ്.സി വിഭാഗത്തിൽ മലപ്പുറം ഇരുമ്പുഴിയിലെ സി.ശിഖയും എസ്.ടി വിഭാഗത്തിൽ വയനാട് കണിയാമ്പറ്റയിലെ എ.ആർ.അനഘയും ഒന്നാം റാങ്ക് നേടി.
എൻജിനിയറിംഗിൽ 86549 പേർ പരീക്ഷയെഴുതിയതിൽ 76230 പേർ യോഗ്യത നേടി. 33555 പെൺകുട്ടികളും 33950 ആൺകുട്ടികളുമടക്കം 67505 പേരാണ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്. ആദ്യ നൂറ് റാങ്കുകാരിൽ 43 പേർ പ്ലസ്ടു കേരള ബോർഡ് പരീക്ഷയെഴുതിയവരാണ്. 55 പേർ സി.ബി.എസ്.സി,രണ്ടുപേർ ഐ.എസ്.സി.ഇ സിലബസും പ്രകാരം യോഗ്യതാ പരീക്ഷയെഴുതിയവരാണ്. 33425 പേരാണ് ഫാർമസി പരീക്ഷയെഴുതിയത്. ഇതിൽ 27841 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി.