വിസ തട്ടിപ്പ്: ഒന്നര കോടിയുമായി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ

Wednesday 02 July 2025 1:26 AM IST

കോലഞ്ചേരി: വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടി രൂപയോളം തട്ടിയെടുത്ത് മുങ്ങിയ കൊലപാതക കേസിലെ പ്രതി പിടിയിൽ. കൂവപ്പടി തെടാപറമ്പ് മറ്റപ്പിള്ളിൽ സുഭാഷ് എം. വർഗീസിനെയാണ് (48) പുത്തൻകുരിശ് ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

കോലഞ്ചേരി കടമറ്റം പെരുവുംമുഴിയിൽ ലാബ്രോമെല്ലൻ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി പ്രവീൺ വിശ്വനാഥന്റെ ഐ.ഡി കാർഡാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. 2009ൽ കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത അജാസ് വധക്കേസിലെ പ്രതിയാണ് സുഭാഷ്. 2018 വരെ ജയിൽശിക്ഷ അനുഭവിച്ചിരുന്നു.

വെങ്ങോലയിൽ വാടക വീടെടുത്തായിരുന്നു താമസം. 60 ലധികം പേരിൽ നിന്നായി ഒന്നരകോടി രൂപയോളം തട്ടിച്ചു. 2024 ആഗസ്റ്റിലാണ് സ്ഥാപനം തുടങ്ങുന്നത്. 2025 ഏപ്രിൽ വരെ തട്ടിപ്പ് തുടർന്നു. വെങ്ങോലയിൽ നിന്ന് കാറുമായി ഇറങ്ങി ഇടയ്ക്ക് പാർക്ക് ചെയ്ത ശേഷം ഓട്ടോയിലോ ബസിലോ കയറിയാണ് സ്ഥാപനത്തിലെത്തിയിരുന്നത്. പണം നേരിട്ടാണ് കൈപ്പറ്റിയിരുന്നത്. പണം നൽകിയവർ ചതിയിൽ പെട്ടെന്ന് മനസിലായതോടെ സ്ഥാപനത്തിലെത്തി ബഹളം തുടങ്ങി. ഇതോടെ വെങ്ങോലയിലെ വീട്ടിൽ നിന്ന് ഭാര്യയും രണ്ട് കുട്ടികളുമായി മുങ്ങി. പാലക്കാട് തിരുവില്ല്വാമലയിലാണ് പൊങ്ങിയത്. താടി വടിച്ച് തല മൊട്ടയടിച്ച് തിരിച്ചറിയാത്തവിധമായിരുന്നു താമസം. വീടിനു പുറത്തിറങ്ങുന്ന മുഴുവൻ സമയവും മാസ്ക് ധരിച്ചും അയൽവാസികളിൽ നിന്നകന്നും മൊബൈൽ ഫോൺ ഉപേക്ഷിച്ചും ഒറ്റപ്പെട്ട ജീവിതമായിരുന്നു.

തട്ടിയ പണത്തിൽ 60 ലക്ഷം ഉപയോഗിച്ച് ഭാര്യയുടെ പേരിൽ സ്ഥലം വാങ്ങി. മറ്റൊരാളുടെ പേരിൽ സിമ്മെടുത്ത് ഭാര്യയ്ക്ക് നൽകി, നമ്പറും അതീവ രഹസ്യമായിരുന്നു. കുട്ടികളിൽ ഒരാൾ സമീപത്തെ സ്കൂളിലും മറ്റൊരാൾ പ്ളെ സ്കൂളിലുമാണ്.

പാലക്കാട് ജില്ലയിൽ പ്രതിയുണ്ടെന്ന് മനസിലാക്കിയതോടെ ഇയാൾ ആഴ്ചകളായി നിരീക്ഷണത്തിലായിരുന്നു. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴടക്കി.

റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജന്റെ കീഴിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡിൽ ഇൻസ്പെക്ടർ എൻ. ഗിരീഷ് എസ്.ഐമാരായ കെ.ജി. ബിനോയി, ജി. ശശിധരൻ എ.എസ്.ഐമാരായ ബിജു ജോൺ, കെ.കെ. സുരേഷ് കുമാർ, വിഷ്ണു പ്രസാദ്, എസ്.സി.പി.ഒമാരായ രാജൻ കമലാസനൻ, പി.ആർ. അഖിൽ, പി.എം. റിതേഷ് എന്നിവരാണുണ്ടായിരുന്നത്.