അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യ വിമാനം 900 അടി താഴേക്ക്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, 2 പൈലറ്റുമാർക്ക് സസ്പെൻഷൻ

Wednesday 02 July 2025 12:02 AM IST

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് 38 മണിക്കൂറിന് ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പുലർച്ചെ 02.56ന് പറന്നുയർന്ന ബോയിംഗ് 777 വിമാനം 900 അടി താഴ്ചയിലേക്ക് പതിച്ചു.

ഇടിമിന്നലും ശക്തമായ കാറ്റും ഉൾപ്പെടെ മോശം കാലാവസ്ഥയിൽ ശക്തമായി ആടിയുലഞ്ഞു. അപകടം ഒഴിവാക്കാൻ പൈലറ്റുമാർ കിണഞ്ഞു പരിശ്രമിച്ചതിനൊടുവിൽ സാധാരണ നിലയിലാക്കി യാത്ര തുടർന്നു.

ഡൽഹി വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. ജൂൺ 14ന് നടന്ന സംഭവം ഇന്നലെയാണ് പുറത്തുവന്നത്. സംഭവത്തിൽ വിമാനത്തിലെ രണ്ട് പൈലറ്റുമാരെ സസ്‌പെൻഡ് ചെയ്‌തു. ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, മോശം കാലാവസ്ഥ മൂലം ടേക്ക് ഓഫിന് പിന്നാലെയുണ്ടായ കുലുക്കം മാത്രമായിരുന്നു ഇതെന്നാണ് പൈലറ്റുമാരുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്.

പിന്നീട് ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ തീവ്രത വ്യക്തമായത്. തുടർന്നാണ് പൈലറ്റുമാർക്കെതിരെ നടപടി സ്വീകരിച്ചത്.

പാർലമെന്ററി

സമിതി യോഗം 9ന്

രാജ്യത്തെ വ്യോമയാന മേഖലയിലെ സുരക്ഷ വിലയിരുത്താൻ ഇതുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി 9ന് യോഗം ചേരും. എയർ ഇന്ത്യ, ഡി.ജി.സി.എ അധികൃതർ,​ എയർപോർട്ട് ഓപ്പറേറ്റ‌ർമാർ,​ എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥർ എന്നിവർ ഹാജരാകണമെന്ന് നിർദ്ദേശിച്ചു. അതേസമയം, അഹമ്മദാബാദ് ദുരന്തത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് അടുത്തയാഴ്ച തയ്യാറായേക്കും.