സ്‌ഫോടന കേസുകളിലെ സൂത്രധാരൻ ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ

Wednesday 02 July 2025 12:25 AM IST

 30 വർഷമായി ഒളിവിൽ

 നിർണായക നേട്ടമെന്ന് ഉദ്യോഗസ്ഥർ

ചെന്നൈ: കൊടും ഭീകരനും ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനുമായ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്ന് തമിഴ്നാട് പൊലീസിന്റെ ഭീകരവിരുദ്ധ സേന പിടികൂടുകയായിരുന്നു. കാസർകോട് സ്വദേശിയായ ഇയാൾ 1995 മുതൽ ഒളിവിലായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ അന്നമയ ജില്ലയിലെ സ്ഥലം വളഞ്ഞതും അബൂബക്കറിനെ പിടികൂടിയതും. അബൂബക്കറിനെ പിടികൂടാനായത് നിർണായക നേട്ടമാണെന്ന് ഉദ്യോഗസ്ഥ‍ർ അറിയിച്ചു.

നിരോധിത സംഘടനയായ തമിഴ്നാട്ടിലെ അൽ-ഉമ അടക്കമുള്ള സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ കേസിൽ പ്രതിയാണ് അബൂബക്കർ.1999 മുതൽ ഒളിവിലായിരുന്ന മുഹമ്മദ് അലിയെയും പിടികൂടി. യൂനുസ്, മൻസൂർ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന മുഹമ്മദ് അലി 1999ൽ കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ സ്‌ഫോടന പരമ്പരകളിലെ പ്രധാനപ്രതികളിൽ ഒരാളാണ്.

നിരവധി ആക്രമണങ്ങളുടെ

സൂത്രധാരൻ  1995ൽ ചെന്നൈയിൽ ചിന്താദ്രിപേട്ടിലെ ഹിന്ദുമുന്നണിയുടെ ഓഫീസിൽ നടന്ന സ്‌ഫോടനം

 അതേവർഷം നാഗപട്ടണത്തെ നാഗൂരിൽ പാഴ്സൽ ബോംബ് സ്‌ഫോടനം,​ ഒരു മരണം

 1999ൽ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ അടക്കം ഏഴ് സ്ഥലങ്ങളിലെ സ്‌ഫോടനം

ഇതിൽ ചെന്നൈ എഗ്മോറിൽ പോലീസ് കമ്മിഷണറുടെ ഓഫീസും ഉൾപ്പെടുന്നു

2011ൽ എൽ.കെ. അദ്വാനിയുടെ മധുരയിലെ രഥയാത്രക്കിടെ പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവം

 2012ൽ വെല്ലൂരിൽ ഡോ. അരവിന്ദ് റെഡ്ഡിയെ കൊലപ്പെടുത്തിയ സ്‌ഫോടനം

 2013ൽ ബംഗളൂരുവിലെ മല്ലേശ്വരത്ത് ബി..ജെപി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടനം