ഡ്രൈ ഡേയിൽ മദ്യവില്പന  16 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

Wednesday 02 July 2025 1:05 AM IST

കോട്ടയം: ഡ്രൈ ഡേയിൽ മദ്യവില്പന നടത്തിയയാൾ അറസ്റ്റിൽ. മറിയപ്പള്ളി സ്വദേശി ടി.കെ മനോജ് (43) ആണ് മദ്യവിൽപ്പന നടത്തുന്നതിനിടെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർബി.ആനന്ദ് രാജിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്. മറിയപ്പള്ളി മുട്ടം ഭാഗത്ത് സാമൂഹിക വിരുദ്ധ ശല്യവും ലഹരി ഉപയോഗവും വർദ്ധിക്കുന്നെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് എക്‌സൈസ് നടപടി. ഡ്രൈ ഡേ ദിനത്തിൽ മദ്യവുമായി ഇയാൾ കറങ്ങിനടന്ന് വില്പന നടത്തുമ്പോൾ മഫ്തിയിൽ എത്തിയ എക്‌സൈസ് സംഘത്തെ കണ്ട് തൊണ്ടി കുറ്റിക്കാട്ടിൽ ഒളിപ്പിക്കുകയായിരുന്നു. 16 ലിറ്റർ മദ്യവും പിടിച്ചെടുത്തു. റെയ്ഡിൽ ഇന്റെലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ്, കോട്ടയം എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ അനീഷ് രാജ്, നിഫി ജേക്കബ്, സിവിൽ എക്‌സൈസ് ഓഫീസർ വിനോദ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.