കൈക്കുഞ്ഞുമായി നാടോടി സ്ത്രീയെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു,

Wednesday 02 July 2025 1:06 AM IST

മുണ്ടക്കയത്ത് നാടകീയ സംഭവങ്ങൾ,​ പിന്നീട് വിട്ടയച്ചു

മുണ്ടക്കയം:കൈക്കുഞ്ഞുമായി കറങ്ങിനടന്ന നാടോടിസ്ത്രീയെ നാട്ടുകാർ തെറ്റിദ്ധരിച്ചു പൊലീസിൽ ഏൽപ്പിച്ചു. കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കിയതോടെ ഇരുവരെയും വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്ക് കോസ്‌വേ കവലയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൈക്കുഞ്ഞുമായി യുവതി എത്തിയതോടെ വ്യാപാരികളാണ് ആദ്യം സംശയം ഉന്നയിച്ചത്. പിന്നീട് ആളുകൾ ചേർന്ന യുവതിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ ഇരുവരെയും പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബംഗാളിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ ജോലിക്ക് എത്തിയതാണെന്നും ഭർത്താവ് മരിച്ചതിനാൽ സഹോദരനോടൊപ്പമാണ് താമസമെന്നും യുവതി പൊലീസിനോട് പറഞ്ഞു.. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ ജോലി ചെയ്യുന്ന സഹോദരൻ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളുമായി എത്തിയതോടെ ഇരുവരെയും വിട്ടയയ്ക്കുകയായിരുന്നു.