ഒമാൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു, ജീവനക്കാരെ രക്ഷിച്ച് ഇന്ത്യൻ നേവി
Wednesday 02 July 2025 7:00 AM IST
മസ്‌ക്കറ്റ്: ഒമാൻ ഉൾക്കടലിൽ തീപിടിച്ച എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷിച്ച് ഇന്ത്യൻ നേവി. ഇന്ത്യൻ വംശജരായ 14 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. നേവിയുടെ ഐ.എൻ.എസ് തബർ യുദ്ധക്കപ്പലിന്റെ സമയോചിത ഇടപെടലിലൂടെ ജീവനക്കാരെ സുരക്ഷിതമായി മറ്റൊരു കപ്പലിലേക്ക് മാറ്റാനായി. ഞായറാഴ്ച, ഗുജറാത്തിലെ കാണ്ട്‌ലയിൽ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോയ, പലാവു പതാക വഹിക്കുന്ന എം.ടി യീ ചെംഗ് - 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. യു.എ.ഇയിലെ ഫുജൈറയ്ക്ക് കിഴക്ക് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. എൻജിൻ റൂമിൽ തീപിടിത്തമുണ്ടായതോടെ കപ്പലിലെ വൈദ്യുതി വിതരണം നിലച്ചു. മേഖലയിലുണ്ടായിരുന്ന തബർ വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കിയെന്ന് നേവി അറിയിച്ചു.