സിറിയയ്ക്ക് മേലുള്ള ഉപരോധങ്ങൾ നീക്കി യു.എസ്
വാഷിംഗ്ടൺ: സിറിയയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും നീക്കി യു.എസ്. ഇതുസംബന്ധിച്ച ഉത്തരവിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ അന്താരാഷ്ട്ര തലത്തിൽ സിറിയ നേരിട്ട സാമ്പത്തിക ഒറ്റപ്പെടലിന് അവസാനമായി. മേയിൽ സിറിയൻ പ്രസിഡന്റ് അഹ്‌മ്മദ് അൽ-ഷറായുമായി സൗദി അറേബ്യയിലെ റിയാദിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഉപരോധം പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്തിയത്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കണമെന്ന് ട്രംപ് ഷറായോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, സിറിയയുടെ മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന് മേലുള്ള ഉപരോധങ്ങൾ യു.എസ് തുടരും. അസദിന്റെ കൂട്ടാളികൾ, മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയവർ, മയക്കുമരുന്ന് കടത്തുകാർ, രാസായുധ നിർമ്മാണവുമായി ബന്ധപ്പെട്ടവർ, ഇറാന്റെ നിഴൽ സംഘനകൾ, ഐസിസ്/ഐസിസ് ബന്ധമുള്ള ഗ്രൂപ്പുകൾ തുടങ്ങിയവയ്ക്ക് ചുമത്തിയ ഉപരോധങ്ങളും നീക്കില്ല.
കഴിഞ്ഞ ഡിസംബറിലാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ അസദിനെ അട്ടിമറിച്ച് ഷറായുടെ തഹ്‌രിർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലെ വിമതസേന ഭരണം പിടിച്ചത്. എച്ച്.ടി.എസിന് ആദ്യം അൽ-ഖ്വഇദയുമായി ബന്ധമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇല്ലെന്നാണ് ഷറാ പറയുന്നത്. ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമ്മാണത്തിന് സഹായിക്കുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്.