ട്രംപിനെ തള്ളി ജയശങ്കർ --- വെടിനിറുത്തൽ വാദം തെറ്റ്, താനും ചർച്ചയുടെ ഭാഗം
ന്യൂയോർക്ക്: ഇന്ത്യ- പാക് വെടിനിറുത്തലിന് മദ്ധ്യസ്ഥത വഹിച്ചെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിക്കുമ്പോൾ മുറിയിൽ താനുമുണ്ടായിരുന്നുവെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയശങ്കർ വെളിപ്പെടുത്തി. 'മേയ് ഒമ്പതിന് വാൻസ് മോദിയോട് ഫോണിൽ സംസാരിക്കുമ്പോൾ ഞാൻ മുറിയിലുണ്ടായിരുന്നു. പാകിസ്ഥാൻ വലിയ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. യു.എസുമായുള്ള വ്യാപാരവും പാകിസ്ഥാനുമായുള്ള വെടിനിറുത്തലും തമ്മിൽ ബന്ധമില്ല. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയയുാമയി മേയ് 10ന് രാവിലെ ചർച്ച നടത്തി. പാകിസ്ഥാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് റുബിയോ പറഞ്ഞു. അന്ന് വൈകിട്ട് പാകിസ്ഥാൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ കാഷിഫ് അബ്ദുള്ള ഇന്ത്യൻ മിലിട്ടറി ഓപറേഷൻസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് രാജീവ് ഘായിയെ വിളിച്ച് വെടിനിറുത്തലിന് അപേക്ഷിച്ചു".- ജയശങ്കർ വ്യക്തമാക്കി. ഇന്ത്യ-പാക് വെടിനിറുത്തൽ കരാറിൽ ഇടപെട്ടെന്ന് ട്രംപ് ആവർത്തിക്കുന്നതിനിടെയാണ്
വെളിപ്പെടുത്തൽ.
വിനോദ സഞ്ചാര
മേഖലയെ നശിപ്പിക്കാൻ
പഹൽഗാം ഭീകരാക്രമണം ജമ്മു കാശ്മീർ വിനോദ സഞ്ചാര മേഖലയെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക യുദ്ധമായിരുന്നെന്ന് ജയശങ്കർ. കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ ഭീകരാക്രമണങ്ങളുടെ പരമ്പരയാണ്. പഹൽഗാം ആക്രമണത്തോടെ, ഭീകരവാദം എങ്ങനെയും അവസാനിപ്പിക്കണമെന്ന വികാരം രാജ്യത്തുണ്ടായി. അത് മതപരമായ പ്രകോപനം ലക്ഷ്യമിടുന്ന ആക്രമണവുമായിരുന്നു. ഭീകരതയ്‌ക്കെതിരെ പ്രതികരിക്കുമ്പോൾ ആണവശക്തി കാണിച്ച് ഭീഷണിപ്പെടുത്താൻ പാകിസ്ഥാനെ അനുവദിക്കില്ല.