പ്രവാചകനെ ചിത്രീകരിച്ചു: തുർക്കിയിൽ കാർട്ടൂണിസ്‌റ്റുകൾ അറസ്‌റ്റിൽ

Wednesday 02 July 2025 7:05 AM IST

ഇസ്‌താംബുൾ: പ്രവാചകനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് തുർക്കിയിൽ നാല് കാർട്ടൂണിസ്റ്റുകൾ അറസ്റ്റിൽ. ലെമാൻ മാസികയിൽ പ്രസിദ്ധീകരിച്ച ആക്ഷേപഹാസ്യ ചിത്രമാണ് വിവാദത്തിന് കാരണം. പ്രവാചകനും മോശയും ആകാശത്ത് വച്ച് ഹസ്തദാനം നൽകുന്നതും അതേ സമയം,​ ഭൂമിയിൽ യുദ്ധസമാനമായ പ്രദേശത്തേക്ക് മിസൈലുകൾ ചീറിപ്പാഞ്ഞെത്തുന്നതുമാണ് കാർട്ടൂണിലുള്ളത്.

ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിച്ചതിന് പിന്നാലെ, മതസൗഹാർദ്ദ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. എന്നാൽ കാർട്ടൂണിലൂടെ പ്രവാചകനെ നിന്ദിച്ചെന്ന് കാട്ടി സർക്കാരും മതനേതാക്കളും രംഗത്തെത്തി. നഗരങ്ങളിൽ പ്രതിഷേധവും അരങ്ങേറി. ഇസ്താംബുളിലെ ലെമാന്റെ ഓഫീസിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു.

മാസികയ്ക്കെതിരെ സർക്കാർ അന്വേഷണം ആരംഭിച്ചു. അതേ സമയം, ക്ഷമാപണം നടത്തിയ ലെമാൻ മാസിക, തങ്ങളുടെ കാർട്ടൂൺ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് പറഞ്ഞു. 'കാർട്ടൂൺ പ്രവാചകനെ ചിത്രീകരിക്കുന്നില്ല. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുസ്ലീമായ വ്യക്തിയുടെ വേദനയാണ് ചിത്രീകരിച്ചത്. അതിന് മുഹമ്മദ് എന്ന പേര് ഉപയോഗിച്ചെന്ന് മാത്രം. മതമൂല്യങ്ങളെ തങ്ങൾ പരിഹസിച്ചിട്ടില്ല"-മാസിക പ്രതികരിച്ചു. അതേ സമയം, കാർട്ടൂൺ ഹീനമായ പ്രകോപനമാണെന്ന് തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ പ്രതികരിച്ചു.