കാറിൽ കയറ്റി, ആളൊഴിഞ്ഞ സ്ഥലത്തുവച്ച് വസ്‌ത്രം അഴിപ്പിച്ചു; വിദ്യാർത്ഥിയെ പീഡിപ്പിച്ച സ്‌കൂൾ അദ്ധ്യാപിക പിടിയിൽ
മുംബയ്: വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപിക പോക്‌സോ കേസിൽ അറസ്റ്റിൽ. മുംബയിലെ ഏറ്റവും പ്രശസ്‌തമായ ഒരു സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ് പിടിയിലായത്. ഇവർ ഒരു വർഷത്തിലേറെയായി കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
ശനിയാഴ്‌ചയാണ് നാൽപ്പതുകാരിയായ അദ്ധ്യാപിക അറസ്റ്റിലായതെങ്കിലും വാർത്ത പുറത്തുവരുന്നത് ഇപ്പോഴാണ്. ഹയർ സെക്കൻഡറി അദ്ധ്യാപികയായ ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. 2023 ഡിസംബറിൽ സ്‌കൂൾ വാർഷികത്തിനായി നൃത്ത ഗ്രൂപ്പുകൾ തിരിക്കുന്നതിനിടെയാണ് അദ്ധ്യാപികയ്‌ക്ക് കുട്ടിയോട് ആകർഷണം തോന്നിയത്. പിന്നീട് 2024 ജനുവരിയിൽ ഇവർ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
പല തവണ ആൺകുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഇതോടെ അദ്ധ്യാപിക അവരുടെ പെൺസുഹൃത്തിനെക്കൊണ്ട് കുട്ടിയെ വിളിപ്പിക്കുകയും മുതിർന്ന സ്‌ത്രീകളും കൗമാരക്കാരായ ആൺകുട്ടികളും തമ്മിലുള്ള ബന്ധം സാധാരണമാണെന്ന് പറയിപ്പിക്കുകയും ചെയ്‌തു. മാത്രമല്ല, കുട്ടിയും അദ്ധ്യാപികയും നല്ല ചേർച്ചയാണെന്നും അവർ പറഞ്ഞ് ധരിപ്പിച്ചു. ഇതോടെ കുട്ടി അദ്ധ്യാപികയെ കാണാൻ തയ്യാറായി.
അദ്ധ്യാപിക ആൺകുട്ടിയെ അവരുടെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തി വസ്‌ത്രം അഴിപ്പിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ കുട്ടിക്ക് അമിതമായ ഉത്കണ്ഠ അനുഭവപ്പെട്ടപ്പോൾ അത് മാറാനുള്ള ഗുളികയും അദ്ധ്യാപിക നൽകി. ശേഷം അദ്ധ്യാപിക അവനെ തെക്കൻ മുംബയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലും എത്തിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടാൻ തുടങ്ങി. ഈ സമയത്ത് കുട്ടിക്കവർ മദ്യം നൽകുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങൾ കണ്ട് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് സത്യം തുറന്നുപറഞ്ഞത്. എന്നാൽ, പ്ലസ് ടു കഴിഞ്ഞ് സ്‌കൂളിൽ നിന്നിറങ്ങാൻ മാസങ്ങൾ മാത്രമുള്ളതിനാൽ അവർ ക്ഷമിച്ചു. പക്ഷേ, പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടി വിഷാദരോഗത്തിനടിമയായി. എന്നിട്ടും കുട്ടിയെ വെറുതേവിടാൻ തയ്യാറാകാത്ത അദ്ധ്യാപിക മറ്റൊരാളെക്കൊണ്ട് അവനെ വിളിപ്പിച്ചു. ഇതോടെയാണ് വീട്ടുകാർ പൊലീസിനെ സമീപിച്ചത്. അദ്ധ്യാപികയുടെ സുഹൃത്തിനെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. കാറും പിടിച്ചെടുത്തു.