ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തത്, മൃതദേഹം കുഴിച്ചിടുക മാത്രമാണ് ചെയ്‌തത്; ഫേസ്‌ബുക്ക് വീഡിയോയിൽ പ്രതിയുടെ ന്യായീകരണം
കോഴിക്കോട്: വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യപ്രതി നൗഷാദ്. ഇയാൾ ഇപ്പോൾ സൗദിയിലാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താൻ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ നൗഷാദ് പോസ്റ്റ് ചെയ്തത്.
രണ്ട് മാസത്തെ വിസിറ്റിംഗ് വിസയിലാണ് താൻ സൗദിയിലെത്തിയത്. നാട്ടിൽ തിരിച്ചെത്തിയ ഉടൻ പൊലീസിന് മുന്നിൽ ഹാജരാകും. ഹേമചന്ദ്രന്റെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും നൗഷാദ് ഫേസ്‌ബുക്ക് വീഡിയോയിൽ ആവശ്യപ്പെട്ടു. താനടക്കം മുപ്പതോളം പേർക്ക് പണം നൽകാനുണ്ടെന്ന് ഹേമചന്ദ്രൻ പറഞ്ഞിട്ടുണ്ടെന്നും നൗഷാദ് വ്യക്തമാക്കി.
'പലയിടങ്ങളിൽ നിന്നും പൈസ കിട്ടാനുണ്ട്. ഇതിനായി ഒരുമിച്ച് പോയതാണ്. എഗ്രിമെന്റ് തയ്യാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് വിട്ടു. ലൊക്കേഷൻ കാര്യങ്ങളെല്ലാം പൊലീസിന്റെ കൈയിലുണ്ട്. പിന്നീട് ഹേമചന്ദ്രൻ തിരിച്ചുവന്നു, മൈസൂരുവിൽ നിന്ന് പണം കിട്ടനുണ്ടെന്ന് പറഞ്ഞു. ഒരു ദിവസം കൂടി വീട്ടിൽ താമസിക്കാൻ സമ്മതിച്ചു. ആത്മഹത്യ ചെയ്ത നിലയിലാണ് ഹേമചന്ദ്രനെ രാവിലെ കണ്ടത്.
ആത്മഹത്യ ചെയ്യാൻ വേണ്ടി തന്നെയാണ് ഹേമചന്ദ്രൻ വന്നത്. മൃതദേഹം കണ്ടതും എന്ത് ചെയ്യണമെന്നറിയാതെ സുഹൃത്തുക്കളെ വിളിച്ചു. അങ്ങനെ മൂന്ന് പേരും ചേർന്ന് കുഴിച്ചിടുകയായിരുന്നു. അല്ലാതെ മർദിച്ചുകൊന്നതല്ല. ചെയ്ത തെറ്റിന് ജയിലിൽ കിടക്കാൻ തയ്യാറാണ്. എന്നാൽ ചെയ്യാത്ത കാര്യത്തിന് ജയിലിൽ പോകാനാകില്ല.'- എന്നാണ് നൗഷാദ് വീഡിയോയിൽ പറയുന്നത്.
വയനാട് സ്വദേശിയായ നൗഷാദും സുഹൃത്തുക്കളും ഹേമചന്ദ്രനെ കബളിപ്പിച്ച് മെഡിക്കൽ കോളേജ് പരിസരത്തേക്ക് വിളിച്ചു വരുത്തി കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പിന്നീട് വയനാട്ടിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി, മൃതദേഹം ചേരമ്പാടി വനത്തിൽ കുഴിച്ചിട്ടു.
നൗഷാദിന്റെ സുഹൃത്തുക്കളായ ജ്യോതിഷ്‌കുമാറിനെയും അജേഷിനെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഹേമചന്ദ്രനെ തട്ടികൊണ്ടുപോകുമ്പോൾ മൂന്നുപേർ മാത്രമാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ കൂടുതൽ പേരുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
വെള്ള നിറത്തിലുള്ള കാറാണിതെന്നും ഇപ്പോൾ അത് എവിടെയാണുള്ളതെന്നും അറിയില്ലെന്നും പ്രതികൾ പറഞ്ഞു. അതേസമയം പ്രതികളുടെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് മെഡിക്കൽ കോളേജ് എ സി പി എ ഉമേഷ് വ്യക്തമാക്കി.