വില ഒരു ലക്ഷം; ഭീമൻ തുക ചെലവാക്കുന്നത് യൗവനത്തിനായി,​ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പ്രമുഖ നടിയുടെ അവസ്ഥയായിരിക്കും

Wednesday 02 July 2025 11:49 AM IST

മുംബയ്: കഴിഞ്ഞ വെളളിയാഴ്ച രാത്രിയോടെയാണ് പ്രശസ്ത നടി ഷെഫാലി ജാരിവാല ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഈ വാർത്ത പുറത്തുവന്നതിനുപിന്നാലെ തന്നെ ഷെഫാലിയുടെ മരണത്തിൽ പല തരത്തിലുളള ദുരൂഹതകളും ഉടലെടുത്തിരുന്നു. 42 വയസായിരുന്ന താരത്തിന്റെ മരണവും ഇന്ത്യക്കാർക്ക് സൗന്ദര്യത്തോടും യുവത്വത്തിനോടും മുഖകാന്തിയോടുമുളള ആസക്തിയെക്കുറിച്ചമുളള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.

യൗവനം നിലനിർത്താനുളള ചികിത്സകളും മുഖകാന്തി വർദ്ധിപ്പിക്കുന്നതിനുളള മരുന്നുകളും നിരന്തരമായി ഉപയോഗിച്ചതിനെ തുടർന്നുളള പ്രത്യാഘാതമാണ് താരത്തിന്റെ മരണത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമായും ഗ്ലൂട്ടാത്തയോണും വി​റ്റാമിൻ സി കലർന്ന മരുന്നുകളുമാണ് ഷെഫാലി ഉപയോഗിച്ചിരുന്നത്. പൊലീസ് പുറത്തുവിട്ട വിവരമനുസരിച്ച് നടി കഴിഞ്ഞ എട്ടുവർഷമായി ഇത്തരത്തിലുളള മരുന്നുകൾ ഉപയോഗിച്ചു വരികയായിരുന്നു. ആദ്യം വിദഗ്ദ ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചാണ് താരം മരുന്നുകൾ ഉപയോഗിച്ചതെങ്കിലും പീന്നീട് കൃത്യമായ നിർദ്ദേശമില്ലാതെയാണ് മരുന്നുകൾ ഉപയോഗിച്ചിരുന്നത്. ഇവരുടെ മുറിയിൽ നിന്ന് ആന്റി ഏജിംഗ് ഗുളികകളും, മൾട്ടിവി​റ്റാമിനുകൾ, ഗ്ലൂട്ടാത്തയോണുകളുടെ ഉൽപ്പന്നങ്ങളും കണ്ടെടുത്തിരുന്നു.

ചർമ്മത്തിന്റെ തിളക്കത്തിനും യൗവനം നിലനിർത്തുന്നതിനും ഇന്ത്യയിലുടനീളമുളളവർ ഗ്ലൂട്ടാത്തയോണും വി​റ്റാമിൻ സി കലർന്ന ഉൽപ്പന്നങ്ങളും നിരന്തരമായി ഉപയോഗിക്കുന്നുണ്ട്. ഇവ ഗുളികളുടെ രൂപത്തിൽ മാത്രമല്ല, ഇൻഞ്ചെക്ഷനുകളായും ഇൻട്രാവണസ് ഡ്രിപ്പുകളായും എടുക്കുന്നുണ്ട്.സാധാരണയായി ഈ ഡ്രിപ്പുകളും ഗുളികളും ചിലർ ഒരുമിച്ച് ഉപയോഗിക്കുന്നുണ്ടെന്ന് വിദഗ്ദർ പറയുന്നു.

ഈ വർഷം ഗ്ലൂട്ടാത്തയോണിന്റെ വിപണി മൂല്യം 324.6 മില്യൺ യുഎസ് ഡോളറായിരിക്കുമെന്നാണ് കരുതുന്നത്. 2032 ഓടെ മൂല്യം 585.8 മില്യൺ യുഎസ് ഡോളറാകും. ഇത്തരത്തിലുളള ചികിത്സാരീതികൾ ഒരു പരിധി വരെ ഗുണം ചെയ്യുമെന്നും എന്നാൽ അമിതമായാൽ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നും വിദഗ്ദർ അവകാശപ്പെടുന്നു. കരൾ,വൃക്ക എന്നീ അവയവങ്ങളെയും ഇത് ബാധിക്കും.ഇതിന്റെ ചെലവ് വളരെ വലുതാണ്.

ഗുരുഗ്രാമിലെ ക്ലിനിക്കുകളിൽ ഇത്തരത്തിലുളള ഒരു സെഷന് 4000 രൂപ മുതൽ 12,000 രൂപ വരെയാണ് ചെലവാകുന്നത്. മരുന്നിന്റെ ഡോസിനും സെഷനുകളുടെ എണ്ണത്തിനനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. ഉടനടി ഫലം ലഭിക്കുന്ന മരുന്നുകളാണ് ഉപയോഗിക്കുന്നതെങ്കിൽ നിരക്കിൽ വൻ വർദ്ധനവും ഉണ്ടാകും. ഡൽഹിയിൽ ഒരു സെഷന് 5000 മുതൽ 7000 രൂപ വരെ ചെലവ് വരും. അഞ്ച് സെഷനുകളുളള പാക്കേജിന് 35,000 രൂപ വരെ ചെലവാകും. അതേസമയം, മുംബയിൽ 8000 രൂപ മുതലാണ് ഗ്ലൂട്ടത്തയോൺ IV സെഷനുകൾ ആരംഭിക്കുന്നത്. കൂടാതെ പരിശീലനം ലഭിച്ച ഒരു മെഡിക്കൽ പ്രൊഫഷണലിന്റെ വീട്ടിൽ തന്നെയുള്ള സേവനവും ഉൾപ്പെടുന്നു. ആറ് സെഷൻ പാക്കേജിന് 38,400 രൂപയും 18-സെഷൻ പാക്കേജിന് ഏകദേശം 1,08,000 രൂപയും വരെ ചെലവാകും.

ശരീരത്തിന്റെ പ്രതിരോധശേഷി മനസിലാക്കാതെ ചിലർ സ്വയം സൗന്ദര്യ ചികിത്സകൾ തിരഞ്ഞെടുക്കുന്ന പ്രവണതയും നിലനിൽക്കുന്നുണ്ട്. ഇത് കൂടുതൽ ദോഷം ചെയ്യുമെന്ന് മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർമ്മസംരക്ഷണ വിദഗ്ദൻ ഡോ. സുജിത് ഷാൻഷാൻവാൾ പറയുന്നു.