3000 അടി ഉയരത്തിലെത്തിൽ റോളർ കോസ്റ്റർ പണിമുടക്കി, അമ്യൂസ്‌മെന്റ്  പാർക്കിൽ ആളുകൾ തലകീഴായി കിടന്നത് പത്ത് മിനിട്ടോളം

Wednesday 02 July 2025 11:51 AM IST

വാഷിംഗ്‌ടൺ: അമ്യൂസ്‌മെന്റ് പാർക്കിലെ റോളർ കോസ്റ്ററിൽ കുടുങ്ങി സന്ദർശകർ. യുഎസിലെ ഒഹായോയിലെ സീഡാർ പോയിന്റ് പാർക്കിൽ ശനിയാഴ്‌ചയാണ് സംഭവം. ട്രാക്ക് പൊട്ടിയതിനെത്തുടർന്ന് ഏറ്റവും മുകളിൽ 45 ഡിഗ്രി ചരിഞ്ഞ റൈഡ് നിശ്ചലമാവുകയായിരുന്നു. ഉടൻതന്നെ അധികൃതരെത്തിയെങ്കിലും പത്ത് മിനിട്ട് ആളുകൾക്ക് റൈഡിൽ തലകീഴായി കിടക്കേണ്ടിവന്നു. ഇവരെ രക്ഷിച്ച ശേഷം 25 മിനിട്ട് പാർക്ക് അടച്ചിട്ടതിന് ശേഷമാണ് പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചത്. സംഭവത്തിന് ശേഷം ഭയന്ന് വിറച്ചിരിക്കുകയാണ് റോളർ കോസ്റ്ററിൽ കയറിയ സന്ദർശകർ.

റൈഡ് വീണ്ടും പ്രവർത്തനം ആരംഭിച്ചെന്നും സന്ദർശകരെല്ലാം സുരക്ഷിതരാണെന്നും പാർക്കിന്റെ വക്താവ് ടോണി ക്ലാർക്ക് പറഞ്ഞു. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയതും വേഗതയേറിയതും നീളമേറിയതുമായ റോളർ കോസ്റ്ററാണ് പണിമുടക്കിയത്. 2,966 അടി ഉയരത്തിലാണ് ആളുകൾ കുടുങ്ങിയത്. മണിക്കൂറിൽ 58 മൈൽ വേഗതയിലാണ് ഈ റൈഡ് സഞ്ചരിക്കുന്നത്.

"ലോകത്തിന്റെ റോളർ കോസ്റ്റർ തലസ്ഥാനം" എന്നാണ് സീഡാർ പോയിന്റ് അറിയപ്പെടുന്നത്. 19 റോളർ കോസ്റ്ററുകളാണ് ഇവിടെയുള്ളത്. സീഡാർ പോയിന്റ് വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. 2023-ൽ, ഒരു മെക്കാനിക്കൽ പ്രശ്‌നത്തെത്തുടർന്ന് ഇതേ പാർക്കിൽ ആളുകൾ 30 മിനിട്ട് കുടുങ്ങി കിടന്നിട്ടുണ്ട്. അതിനുശേഷം ആളുകളെ ആകർഷിക്കാനായി ഒരു ടിക്കറ്റെടുക്കുമ്പോൾ ഒരു ഫാസ്റ്റ് - പാസ് വൗച്ചർ സൗജന്യമായി നൽകിയിരുന്നു.