ദിലീപിനെ ചൂണ്ടി അയാളൊരു കാര്യം പറഞ്ഞു, അന്ന് അത് കാര്യമാക്കിയില്ല; പക്ഷേ ആ പ്രവചനം ഫലിച്ചു
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് നന്ദു. മോഹൻലാലും ദിലീപും അടക്കമുള്ള താരങ്ങൾക്കൊപ്പം അദ്ദേഹം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ ദിലീപിനെക്കുറിച്ച് ഒരാൾ നടത്തിയ പ്രവചനത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നന്ദു ഇപ്പോൾ. ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു നടൻ.
'പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമ തിരുവനന്തപുരത്താണ് മുഴുവൻ ഷൂട്ട് ചെയ്തത്. അതിനകത്ത് മനോജ് കെ ജയന്റെ സുഹൃത്തുക്കളായി ഞാനും, യദുകൃഷ്ണനും, ജഗന്നാഥൻ മാഷും, ദിലീപുമുണ്ട്. ദിലീപ് ചെറിയ വേഷങ്ങൾ ചെയ്യുന്ന സമയമാണ്. കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് അന്ന് ദിലീപ്. ഞങ്ങളുടേതൊക്കെ ചെറിയ വേഷമാണ്.
ഒരു ഗാനരംഗത്തിന്റെ ഷൂട്ട് നടക്കുന്ന സമയം. ആ സീനിൽ ഞങ്ങളില്ല. ദിലീപുണ്ട്. അപ്പോൾ ഞങ്ങൾ ഇങ്ങോട്ട് മാറി നിന്ന് ഷൂട്ടിംഗ് കാണുകയാണ്. തൊണ്ണൂറ് വയസോളമുള്ള ഒരപ്പൂപ്പൻ വന്നു. മുണ്ടാണ് ഉടുത്തത്. പൂണൂലുമുണ്ട്. ദേഹത്തൊക്കെ ഭസ്മമുണ്ട്. അദ്ദേഹം ഷൂട്ടിംഗ് നോക്കിക്കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞ് ദിലീപിനെ ചൂണ്ടി ആ നിൽക്കുന്ന പയ്യനാരാണെന്ന് ചോദിച്ചു. ദിലീപെന്നാണ് പേര് എന്ന് ഞങ്ങൾ പറഞ്ഞു.
അയാൾ ഒരു ദിവസം മലയാള സിനിമ ഭരിക്കുമെന്ന് പറഞ്ഞ് അയാൾ പറഞ്ഞു. എന്തോ, ഏതോ കിളവൻ പറഞ്ഞ് പോകുന്നു, ആര് മൈൻഡ് ചെയ്യാൻ. പക്ഷേ ആ പറഞ്ഞത് സത്യമായില്ലേ. അയാൾ മലയാളസിനിമയുടെ ടോപ്പ് ലെവലിലെത്തിയില്ലേ. സൂപ്പർ ഹീറോയായില്ലേ. ദിലീപ് സ്റ്റാർ ആയ ശേഷം ഒരിക്കൽ ഞാൻ ഇക്കാര്യം പറഞ്ഞു. അയ്യോ എന്നിട്ട് അയാൾ എവിടെ, കണ്ടുപിടിക്കണം, എത്ര കഴിവുള്ള മനുഷ്യനാണെന്നൊക്കെ ദിലീപ് പറഞ്ഞു. ജീവിച്ചിരിപ്പുണ്ടെന്നുപോലും അറിയില്ല. ഒരു പിടിയുമില്ലെന്ന് പറഞ്ഞു.'- നന്ദു വ്യക്തമാക്കി.